മുസ്‍ലിം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. മുസ്‍ലിം ലീഗിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല.

തിരുവനന്തപുരം ∙ ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‍ലിം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. മുസ്‍ലിം ലീഗിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസിയും കത്തോലിക്കാ കോൺഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു. ഏറെ നാളത്തെ ആവശ്യം അംഗീകരിച്ചതിന് സർക്കാരിനോട് നന്ദി പറയുന്നതായി കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.
തീരുമാനം സ്വാഗതാർഹമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ദീർഘകാലമായുള്ള ആവശ്യത്തിന്‍റെ ഫലമാണിതെന്നും കത്തോലിക്കാ മെത്രാൻ സമിതി പറഞ്ഞു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത്.
താനൂരിൽനിന്ന് ജയിച്ച വി.അബ്ദുൽ റഹിമാന് വകുപ്പ് നൽകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സിറോ മലബാ‍ർ സഭയടക്കമുളള ക്രൈസ്തവ സഭകൾ അടുത്തകാലത്തായി പരസ്യമായി ഉന്നയിച്ച ആക്ഷേപം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് സൂചന. ഒന്നാം പിണറായി മന്ത്രിസഭയിൽ കെ.ടി.ജലീൽ ആയിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്..

Leave a Reply