ന്യൂസ്‌ ഡസ്ക് :കോൺഗ്രസിൽ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ അടിത്തറ തകർത്തതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്നം, പറയാൻ ആർക്കും ധൈര്യമില്ല. പാർട്ടിയോട് കൂറും ആത്മാർത്ഥയുമുള്ള പുതുതലമുറയെ വളർത്തിയില്ലെങ്കിൽ കേരളത്തിന്‍റെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടിയെന്ന് ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകുന്നു. 

എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിക്ക് കേരളത്തിൽ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തിൽ എഴുതേണ്ടി വരുമെന്ന് ഉണ്ണിത്താൻ തുറന്നടിച്ചു. കോൺഗ്രസ് പ്രവർത്തകർ തകർന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ കൂടുതൽ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. 

പ്രതിപക്ഷ നേതാവിനെയും പുതിയ കെപിസിസി പ്രസിഡന്‍റിനെയും സംബന്ധിച്ച തീരുമാനം വൈകുന്നതിനിടെയാണ് ഉണ്ണിത്താനും തുറന്നടിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം നീളുകയാണ്. രമേശ് ചെന്നിത്തലക്കായി അവസാന മണിക്കൂറുകളിലും ഉമ്മന്‍ചാണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്.

വി ഡി സതീശന് പിന്തുണ നല്‍കിയ ഭൂരിപക്ഷം എംഎല്‍എമാര്‍ ചെന്നിത്തലയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചതും ഹൈക്കമാന്‍ഡിനെ  ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. തര്‍ക്കം മൂത്താല്‍ മൂന്നാമതൊരാളെ പരിഗണിക്കേണ്ടി വരുമെന്ന സാധ്യതയും ചില മുതിര്‍ന്ന നേതാക്കള്‍ തള്ളിക്കളയുന്നില്ല.

Leave a Reply