വെബ് ഡസ്ക് :-കെറെയിൽ പദ്ധതിയിൽ മുന്നണിക്കും പാർട്ടിക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത ശശി തരൂർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടിക്ക് അകത്തുള്ളവരാണെങ്കിൽ അവർ ആത്യന്തികമായി പാർട്ടിക്ക് വിധേയരാകേണ്ടി വരുമെന്നും ശശി തരൂരിനോടും തങ്ങൾക്കുള്ള അഭ്യർത്ഥന അതാണെന്നും സുധാകരൻ തുറന്നടിച്ചു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് തരൂരിനോടുള്ള നിലപാട് സുധാകരൻ വ്യക്തമാക്കിയത്.വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ കോണ്ഗ്രസിൽ ധാരാളമുണ്ട്. അതൊക്കെ ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമാണ്. പക്ഷേ ആത്യാന്തികമായി എല്ലാവരും തന്നെ പാർട്ടിക്ക് വിധേയാരായിരിക്കണം. കെ റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിൽ കാണാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ. കേവലം കോണ്ഗ്രസ് പാർട്ടിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത ആളാണ് തരൂർ. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ ഒരു പാർട്ടി പ്രവർത്തകനെന്ന പാർട്ടിയുടെ നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും തീരുമാനങ്ങളെ പിന്താങ്ങാനും തയ്യാറാവണം എന്നാണ് എനിക്ക് ഞങ്ങൾക്ക് അദ്ദേഹത്തോടുള്ള അഭ്യർത്ഥന. ശശി തരൂർ ലോകം കണ്ട നേതാവാണ് എന്നാൽ ഇരിക്കുന്നിടം കുഴിക്കാൻ ഞങ്ങൾ അദ്ദേഹത്തെ അനുവദിക്കില്ല – സുധാകരൻ പറഞ്ഞു.

Leave a Reply