𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ യുവതിയെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു;

തിക്കോടി (കോഴിക്കോട്): യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തിൽ നന്ദു എന്ന നന്ദകുമാർ (31) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചയാണ് നന്ദകുമാർ മരിച്ചത്.

തിക്കോടി കാട്ടുവയലിൽ മനോജിന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യെ ആണ് നന്ദകുമാർ വെള്ളിയാഴ്ച തീ കൊളുത്തി കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ദേശീയപാതയ്ക്കരികിലുള്ള തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്നഭാവത്തിൽ തടഞ്ഞുനിർത്തി പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം യുവാവും സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി.

നിലവിളികേട്ട് ഓഫീസിൽനിന്ന് ഓഫീസ് അസിസ്റ്റന്റ് ഗോവിന്ദനും നാട്ടുകാരും ഓടിയെത്തി വെള്ളം കോരിയൊഴിച്ച് തീകെടുത്താൻ ശ്രമിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ യുവതി മരിക്കുകയായിരുന്നു.

നന്ദകുമാർ നാട്ടിൽ കൂലിപ്പണി ചെയ്തുവരികയായിരുന്നു. ഈ മാസം ഒമ്പതിനാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിൽ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ഒഴിവിലേക്ക് നിയമിക്കപ്പെട്ടത്.

നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടർന്നുള്ള അഭിപ്രായവ്യത്യാസവുമാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.