ഹരിത പിരിച്ചുവിട്ടു; തുടര്‍ച്ചയായ അച്ചടക്ക ലംഘനമെന്ന് മുസ്ലീം ലീഗ്;ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും പി.എം.എ. സലാം.

കോഴിക്കോട് :-അന്ത്യശാസന നല്‍കിയിട്ടും വഴങ്ങാത്ത ഹരിതയെ പിരിച്ചുവിട്ട് മുസ്ലീംലീഗ്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത തള്ളിയ സാഹചര്യത്തിലാണ് നടപടി. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹരിത അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചുവെന്ന് പിഎംഎ സലാം പറഞ്ഞു. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും സലാം പറഞ്ഞു.

ജൂണ്‍ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കള്‍ പറഞ്ഞത്.

എന്നാല്‍ പാര്‍ട്ടിക്ക് കിട്ടിയ പരാതിയില്‍ തീരുമാനം വരും മുമ്പേ വനിതാ കമ്മീഷന് പരാതി നല്‍കിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്‍റെ പൊതുവികാരം. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കള്‍. പി കെ നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത.

Leave a Reply