𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

അനുമതിയില്ലാതെ ഓട്ടം, ഒപ്പം ദുരുപയോഗവും; ‘റെസ്‌ക്യു’വില്‍ കുടുങ്ങി 194 ആംബുലന്‍സുകള്‍



ന്യൂസ് ഡെസ്ക് :-ആംബുലൻസുകളുടെ അനധികൃത ഓട്ടം തടയാൻ ‘ഓപ്പറേഷൻ റെസ്ക്യു’ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. വാഹനങ്ങൾ അനധികൃതമായി ആംബുലൻസാക്കി രൂപം മാറ്റിയുള്ള ഉപയോഗം, ആംബുലൻസുകൾ ദുരുപയോഗം ചെയ്യൽ തുടങ്ങിയവ കണ്ടെത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയിൽ ഇതുവരെ 194 ആംബുലൻസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2.21 ലക്ഷം രൂപ പിഴ ഈടാക്കുകയുംചെയ്തു.

കർണാടകയിൽനിന്നുൾപ്പെടെ വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസാക്കി സംസ്ഥാനത്തെത്തിച്ചിരുന്നു. എന്നാൽ, ഇവയ്ക്കൊന്നും രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി ലഭ്യമാക്കിയിരുന്നില്ല. ഒപ്പം ചില ആംബുലൻസുകൾക്ക് പ്രവർത്തനക്ഷമതയില്ലെന്നും ചിലർ രോഗികളെ കൊണ്ടുപോകാനല്ലാത്ത ആവശ്യങ്ങൾക്കും ആംബുലൻസുകൾ ഉപയോഗിക്കുന്നതായും മോട്ടോർവാഹനവകുപ്പ് കണ്ടെത്തി.

ഇത്തരം വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ എല്ലാ ജില്ലകളിലെയും ആർ.ടി.ഒമാർക്കും ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷൻ റെസ്ക്യു പരിശോധനയിലാണ് 194 ആംബുലൻസുകൾക്കെതിരേ നടപടിയെടുത്തത്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കുപുറമെ തേയ്മാനം വന്ന ചക്രങ്ങൾ, കൃത്യമായ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തവ, നികുതിയടയ്ക്കാത്തവ തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മുമ്പ്, കാറുകളും ആംബുലൻസുകളാക്കി മാറ്റിയാൽ രജിസ്ട്രേഷൻ നൽകിയിരുന്നു. വാഹനക്കമ്പനികൾ ആംബുലൻസായിത്തന്നെ ഇപ്പോൾ വിപണിയിൽ എത്തിക്കുന്നുണ്ട്. അതിനാൽ, മറ്റു വാഹനം വാങ്ങി രൂപമാറ്റം വരുത്തിയാൽ രജിസ്ട്രേഷൻ ലഭിക്കില്ലെന്നതാണ് ഇപ്പോഴത്തെ നയം.

കോവിഡിന്റെ ആദ്യഘട്ടത്തിൽ ആംബുലൻസുകൾക്ക് ആവശ്യം കൂടിയപ്പോൾ തത്കാലം ചെറിയവാഹനങ്ങളും ആംബുലൻസുകളായി ഓടിക്കാമെന്നു വാക്കാൽ നിർദേശമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് പലരും കാറുകൾവാങ്ങി ആംബുലൻസുകളാക്കി രൂപമാറ്റം വരുത്തുന്നതെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. കോവിഡ് തുടങ്ങി ഒന്നര വർഷത്തിൽ 700 ആംബുലൻസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തിരുന്നത്.