തിരു:- സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടിയതോടെ രോഗികളുടെ എണ്ണത്തിലും വർധന. രണ്ടുമാസം മുമ്പുവരെ ദിവസേനയുള്ള കോവിഡ് പരിശോധന ശരാശരി 80,000-നും 1,10,000-നും ഇടയ്ക്കായിരുന്നു. ജൂലായ്യോടെ സർക്കാർ പ്രതിദിന പരിശോധന കൂട്ടി. ടി.പി.ആർ. ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പരിശോധന കൂട്ടുമ്പോൾ രോഗികളുടെ എണ്ണത്തിലും സ്വാഭാവിക വർധനയുണ്ടാകും.

കേരളം കോവിഡിന്റെ തുടക്കത്തിൽ കാണിച്ച കാര്യക്ഷമമായ പ്രവർത്തനം രോഗവ്യാപനം വൻതോതിൽ കൂടുന്നത് തടഞ്ഞിരുന്നു. അതിനാൽ കോവിഡ് വന്നുപോയവരിലുണ്ടാകുന്ന ആർജിത പ്രതിരോധശേഷി ജനങ്ങളിൽ താരതമ്യേന കുറവാണ്. ഡെൽറ്റ വകഭേദം കാരണം രണ്ടാംതരംഗം രൂക്ഷമായപ്പോൾ ഇത് കണക്കിലെടുത്ത് വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുകയായിരുന്നു പോംവഴിയായി വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, വാക്സിൻ ലഭ്യതയിലെ പോരായ്മ തിരിച്ചടിയായി. മൂന്നാംതരംഗം ഒക്ടോബറിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉൾക്കൊണ്ടാണിപ്പോൾ പരിശോധന കൂട്ടിയതും ടി.പി.ആർ. കുറയ്ക്കാൻ തയ്യാറെടുക്കുന്നതും.