വെബ് ഡസ്ക് :-ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്ന പ്രതീക്ഷ ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ പങ്കുവെച്ചിരുന്നു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നതും ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉണ്ടായ സാഹചര്യം കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചിരുന്നു്. തുടര്‍ന്ന് വിശദാംശങ്ങള്‍ പരിഗണിച്ച ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. ഇനി മന്ത്രിസഭാ യോഗത്തില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനാകും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അടുത്ത നീക്കം. അതേസമയം, വിഷയത്തില്‍ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും.

ഇന്നലെ ഒരു മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തിയത്. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മുമ്പാകെ വിശദീകരിച്ചു.ഡിസംബര്‍ ആദ്യം സര്‍വ്വകലാശാല വിവാദത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടങ്ങിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് സര്‍ക്കാരിന് വന്‍ പ്രതിസന്ധിയാണ് തീര്‍ത്ത സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച സംശയങ്ങളാണ് കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. നേരത്തെ ഗവര്‍ണര്‍ക്ക് രേഖാമൂലം നല്‍കിയ വിശദീകരണം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് ഇല്ലാത്ത അധികാരം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ക്വോ വാറന്റോ റിട്ടിലൂടെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നും ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നുമായിരന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.


%%footer%%