വാവാ സുരേഷിന് പാമ്പുകടിയേറ്റു, നില അതീവ ഗുരുതരം;

വെബ് ഡസ്ക് :-പ്രമുഖ പാമ്പുപിടുത്തക്കാരന്‍ വാവാ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു. കോട്ടയം കുറിച്ചിയില്‍വെച്ചാണ് അപടകമുണ്ടായത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് അദ്ദേഹത്തിന് ആന്റിവെനം നല്‍കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി സൂചനയുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടി മെച്ചപ്പെടാനുണ്ട്.



കുറിച്ചി ഒന്നാം വാര്‍ഡിലെ ഒരു വീടിന്റെ പിന്‍ഭാഗത്ത് പാമ്പിനെ കണ്ടെത്തിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് വാവാ സുരേഷ് എത്തിയത്. രണ്ട് ദിവസമായി ഇവിടെ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പിടികൂടാന്‍ വാവയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ അദ്ദേഹം തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ പാമ്പിനെ പിടികൂടുകയും ചെയ്തു. പാമ്പിനെ ചാക്കിലാക്കുന്നതിനിടെയാണ് വലത്തേ കാലിന്റെ മുട്ടിന് മുകളിലായി കടിയേറ്റത്. പാമ്പുകടിയേറ്റ് ബോധരഹിതനായ നിലയിലാണ് വാവാ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചത്.അമ്പതിനായിരത്തിലധികം പാമ്പുകളെ വാവാ സുരേഷ് ഇതിനകം പിടികൂടിയിട്ടുണ്ട്. ജനവാസ മേഖലയില്‍ കണ്ടെത്തുന്ന പാമ്പുകളെ പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണ് സുരേഷ് ചെയ്യുന്നത്. മുമ്പും പലവട്ടം അദ്ദേഹത്തിന് പാമ്പുകടിയേറ്റിട്ടുണ്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 2020 ഫെബ്രുവരിയില്‍ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ നിന്നും അണലിയെ പിടികൂടവെ കടിയേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.



രണ്ടാഴ്ച മുമ്പ് വാവാ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അദ്ദേഹത്തിന് പരുക്കേറ്റി. തിരുവനന്തപുരം പോത്തന്‍കോട് വെച്ചായിരുന്നു അപകടം. തലക്കാണ് പരുക്കേറ്റിരുന്നത്.


Leave a Reply