ദേവസ്വം മന്ത്രിയെച്ചൊല്ലി വിവാദം.വിക്കിപ്പീഡിയയില്‍ തിരുത്തലുകള്‍.സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ.

തിരുവനന്തപുരം:പട്ടികജാതിക്കാരനായ ഒരാൾ ആദ്യമായാണോ ദേവസ്വം മന്ത്രിയാകുന്നത് എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഓൺലൈൻ വിവാദം.

വിക്കിപീഡിയ പേജിൽ എഡിറ്റിങ്ങും പുനർ എഡിറ്റിങ്ങുമൊക്കെയായി വിവാദം കൊഴുത്തു. കെ. രാധാകൃഷ്ണനാണ് പട്ടികജാതിക്കാരനായ ആദ്യ ദേവസ്വംമന്ത്രിയെന്ന പ്രചാരണത്തിന് പിന്നാലെയാണ് മുൻമന്ത്രി കെ.കെ. ബാലകൃഷ്ണന്റെ വിക്കിപീഡിയാ പേജിൽ എഡിറ്റിങ് യുദ്ധമാരംഭിച്ചത്.

കെ. രാധാകൃഷ്ണന് ദേവസ്വംവകുപ്പ് നൽകിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സാമൂഹിക മാധ്യങ്ങളിൽ ചർച്ചകൾ ആരംഭിച്ചത്. ആദ്യമായൊരു പട്ടികജാതിക്കാരൻ ദേവസ്വം മന്ത്രിയാകുന്നുവെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ അത് തെറ്റാണെന്ന വാദവുമായി കോൺഗ്രസ് അനുകൂലികൾ രംഗത്തുവന്നു. ദളിത് വിഭാഗക്കാരനായ കെ.കെ. ബാലകൃഷ്ണൻ നേരത്തേ തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നുവെന്നായിരുന്നു അവർ വ്യക്തമാക്കിയത്.

ഇതിനിടെയാണ് കെ.കെ. ബാലകൃഷ്ണന്റെ പേജിൽ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകളിൽ ‘ദേവസം’ എന്നത് ഉൾപ്പെടുത്തുകയും ഒഴിവാക്കപ്പെടുകയും ചെയ്തത്. പിന്നാലെ 1977-ലെ കേരള ഗസറ്റിന്റെ പകർപ്പിലേക്കുള്ള ലിങ്കും പേജിൽ ഉൾപ്പെടുത്തപ്പെട്ടു. ഈ എഡിറ്റിങ്ങുകൾക്കിടെ ഇവർ രണ്ടുമല്ല അതിന് മുമ്പുതന്നെ വെള്ള ഈച്ചരൻ ദേവസ്വം മന്ത്രിയായിരുന്നുവെന്ന വിവരവും പങ്കുവെക്കപ്പെട്ടു. തുടർന്ന്, വിക്കിപീഡിയയിൽ വെള്ള ഈച്ചരന്റെ പേരിൽ ദി വിക്കിഹോളിക് എന്ന പേരിലുള്ള ഉപയോക്താവ് പേജ് നിർമിക്കപ്പെടുകയും ചെയ്തു.

1970-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന വെള്ള ഈച്ചരൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഹരിജനക്ഷേമ, സാമൂഹികക്ഷേമ വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. തൃത്താല മണ്ഡലത്തിൽനിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലാണ് കെ.കെ. ബാലകൃഷ്ണൻ ഹരിജനക്ഷേമത്തിന് പുറമേ ദേവസ്വം ചുമതലയും വഹിച്ചത്. 1980-1981ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ എം.കെ. കൃഷ്ണനും ദേവസ്വത്തിന്റെ ചുമതല വഹിച്ചു. ഇവർക്ക് പിന്നാലെയാണ് ഈ മന്ത്രിസഭയിലേക്ക് ചേലക്കരയിൽനിന്നുള്ള കെ. രാധാകൃഷ്ണൻ കടന്നുവരുന്നത്…

Leave a Reply