ഒരു വർഷം അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും
ഒരു വർഷം അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു
സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു വർഷത്തിനിടെ അഞ്ച് ചലാനുകൾ ലഭിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന നടപടി നടപ്പാക്കും. കേന്ദ്ര മോട്ടോർ വാഹന നിയമം കേരളത്തിലും പൂർണമായും പ്രാബല്യത്തിൽ വരും. 2026 ജനുവരി 1 മുതൽ പുതിയ നിയമം നടപ്പിലാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
പിഴ അടയ്ക്കാൻ 45 ദിവസത്തെ സാവകാശം അനുവദിക്കും. ഈ കാലാവധി കഴിഞ്ഞാൽ കർശന നടപടികൾ സ്വീകരിക്കും. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തടയും.
ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും വാഹനത്തിന്റെ ആർസി ഉടമയ്ക്കെതിരെയായിരിക്കും. വാഹനം മറ്റൊരാളാണ് ഓടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും.
ഗതാഗത നിയമം ലംഘിച്ച വ്യക്തിക്ക് ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് ആയി അല്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ നേരിട്ട് കൈമാറണം. തുടർന്ന് 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ തെളിവ് സഹിതം മറുപടി നൽകുകയോ വേണം. ഇതിൽ വീഴ്ച വന്നാൽ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
നിയമലംഘനം നടത്തിയ ശേഷം മൂന്ന് മാസം വരെ പിഴ അടയ്ക്കാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്. ചുവപ്പ് സിഗ്നൽ ലംഘനം, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസം വരെ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ടാകും.
നിയമലംഘനം പതിവാക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ നടപടി. നിയമലംഘകരുടെയും വാഹനങ്ങളുടെയും വിശദാംശങ്ങൾ വാഹൻ–സാരഥി പോർട്ടലുകളിലേക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

