ഷാഫി പറമ്പിലിന് കോടതി പിരിയും വരെ നിൽക്കാൻ ശിക്ഷ
ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിലിന് കോടതി പിരിയും വരെ നിൽക്കാൻ ശിക്ഷ; 1000 രൂപ പിഴ
പാലക്കാട് ദേശീയപാത ഉപരോധ കേസിൽ വടകര എം.പി ഷാഫി പറമ്പിലിന് കോടതി പിരിയും വരെ നിൽക്കേണ്ട ശിക്ഷ വിധിച്ചു. ഇതിന് പുറമെ 1000 രൂപ പിഴയും അടയ്ക്കണം. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2022 ജൂൺ 24-ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് പരിഗണിക്കുന്ന ദിവസങ്ങളിൽ കോടതിയിൽ ഹാജരാകുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫി പറമ്പിലിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കേസിലെ ഒമ്പതാം പ്രതിയായ പി. സരിൻ, സംഭവസമയത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം ഇതിനകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച് തകർത്തതിൽ പ്രതിഷേധിച്ചാണ് അന്ന് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം നടത്തിയത്. പാലക്കാട് ചന്ദ്രനഗറിലെ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു ഉപരോധം നടന്നത്.

