നെടുമ്പാശേരി: അർദ്ധരാത്രി ദേശീയപാതയോരത്ത് ആശുപത്രി മാലിന്യം തള്ളിയ സംഘത്തിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നെടുമ്പാശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ റഷീദിനെ സസ്‌പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫീസർമാരായ മധു, അരവിന്ദ് എന്നിവരെ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

കഴിഞ്ഞ ജൂലായ് ആറിന് രാത്രിയിലാണ് ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിന് സമീപം പറമ്പയത്ത് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിൽ ദേശീയപാതയോരത്തുള്ള പറമ്പിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ടോറസ് ലോറികളിലെത്തിച്ച മാലിന്യം തള്ളിയത്. മാലിന്യം തള്ളിയ സംഘത്തെ പഞ്ചായത്തധികൃതർ സി.സി ടി.വി കാമറയിലൂടെ കണ്ടെത്തി ചെങ്ങമനാട് പൊലീസിനെ വിവരമറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഹൈവേ പൊലീസ് സ്ഥലത്ത് എത്തിയിരുന്നെന്നും നടപടിയെടുക്കാതെ പോയെവും വ്യക്തമായത്. തുടരന്വേഷണത്തിൽ 5000 രൂപ കൈക്കൂലി വാങ്ങിയതായും ബോധ്യമായി.

Leave a Reply