𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

കോവിഡ് പോസിറ്റീവ് ആയ രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്‌സ് ;

തൃശ്ശൂർ:ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്‌സ് ശ്രീജ.കുട്ടിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നിട്ടുകൂടി ഭയക്കാതെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച്‌ ശ്രീജ. ചുണ്ടോട് ചുണ്ടു ചേര്‍ത്ത് ശ്രീജ കുട്ടിക്ക് കൃത്രിമശ്വാസം നല്‍കുകയായിരുന്നു. കുഞ്ഞിന് കോവിഡ് പോസിറ്റീവ് ആയതോടെ ശ്രീജ ക്വാറന്റീനിലാണ്.

നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സ ചിറ്റിശേരി ഇഞ്ചോടി വീട്ടില്‍ ശ്രീജ പ്രമോദ് ഞായറാഴ്ച ഉച്ചയ്ക്കു വീട്ടില്‍ വിശ്രമിക്കുമ്ബോഴാണ്, ഛര്‍ദിച്ച്‌ അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ഓടിയെത്തിയത്. കോവിഡ് കാലമായതിനാല്‍ ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചു.

കുഞ്ഞിനു ചലനമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തും മുന്‍പു കൃത്രിമ ശ്വാസം നല്‍കണമെന്നു ശ്രീജയ്ക്കു മനസ്സിലായി. കോവിഡ് സാധ്യത തല്‍ക്കാലം മറന്നു ശ്വാസം നല്‍കി. ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. 2 ദിവസത്തെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞ് കോവിഡ് ചികിത്സയിലാണ്.