ഇടതുപക്ഷത്തെ എൻ.ഡി.എയിലേക്ക് സ്വാഗതം: കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ
പിണറായി വിജയനെ എൻ.ഡി.എ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെ എൻ.ഡി.എ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സാമൂഹികനീതി സഹമന്ത്രി രാംദാസ് അത്താവലെ . വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ എൻ.ഡി.എക്കൊപ്പം നിൽക്കണമെന്നും, ഒപ്പം നിന്നാൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉറപ്പാക്കാമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എമ്മും സി.പി.ഐയും എൻ.ഡി.എയുടെ ഭാഗമാകണമെന്നും നരേന്ദ്ര മോഡിയുടെ വിശാലമായ വികസന കാഴ്ചപ്പാട് കാരണം ഇന്ത്യ ഇന്ന് ആഗോള സാമ്പത്തിക ശക്തികളിൽ നാലാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സബ്കാ സാത്ത് സബ്കാ വികാസ്” എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തുടനീളം വലിയ മാറ്റങ്ങൾ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ അവസരങ്ങളും വർധിച്ചതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും കാര്യമായ വികസനം ഉണ്ടായില്ലെന്ന്, കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ കേരളം കൃത്യമായി വിനിയോഗിക്കാത്തതായും അദ്ദേഹം ആരോപിച്ചു.
അംബേദ്കറുടെ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ.പി.ഐ) അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും, വികസനത്തിന് എൻ.ഡി.എ അധികാരത്തിൽ വരേണ്ടതാണെന്നും രാംദാസ് അത്താവലെ വ്യക്തമാക്കി.
കണ്ണൂർ ഹോട്ടൽ ഗ്രീൻ പാർക്കിൽ നടന്ന വാർത്താസമ്മേളനത്തിൽ ആർ.പി.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. നുസ്രത്ത് ജഹാൻ, നാഷണൽ സെക്രട്ടറി ഡോ. രാജീവ് മേനോൻ എന്നിവരും പങ്കെടുത്തു.
