PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

തിരുവനന്തപുരത്ത് അമ്മയും മകളും ജീവനൊടുക്കി

ഫാമിലി ഗ്രൂപ്പില്‍ സന്ദേശമയച്ച് അമ്മയും വിവാഹിതയായ മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ച ശേഷം അമ്മയും വിവാഹിതയായ മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കി. തിരുവനന്തപുരം കമലേശ്വരത്ത്. 54 കാരിയായ എസ്.എല്‍ സജിതയും 30 വയസുള്ള മകള്‍ ഗ്രീമ എസ്. രാജുമാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും ബന്ധുക്കളടങ്ങുന്ന ഗ്രൂപ്പില്‍ സയനൈഡ് കഴിച്ച് ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കുന്ന സന്ദേശം അയച്ചത്. ഇതോടെ ബന്ധുക്കള്‍ അയല്‍വാസികളെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി വാതില്‍ തുറക്കുകയുമായിരുന്നു. കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സിലെ വീട്ടില്‍ താഴത്തെ നിലയിലെ സോഫയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഗ്രീമയുടെ മൃതദേഹത്തിന് മുകളിലായി സജിതയുടെ മൃതദേഹം കിടക്കുന്ന നിലയിലായിരുന്നു.

പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യയാണ് സജിത. വീട്ടില്‍ നിന്നും സയനൈഡ് കഴിച്ചതായി കരുതുന്ന ഗ്ലാസുകളും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മകളുടെ വിവാഹജീവിതത്തിലെ ഗുരുതര പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഗ്രൂപ്പില്‍ അയച്ച അവസാന സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മരുമകന്‍ മകളെ ഉപേക്ഷിച്ചുവെന്നും സമൂഹത്തില്‍ നേരിടേണ്ടി വന്ന അപമാനഭാരം താങ്ങാനാവുന്നില്ലെന്നും സന്ദേശത്തിലുണ്ടായിരുന്നു.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗ്രീമയുടെ വിവാഹം നടന്നത്. ഭര്‍ത്താവ് അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന പ്രവാസിയാണ്. ഒരു മാസത്തില്‍ താഴെ മാത്രമാണ് ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. 200 പവന്‍ സ്വര്‍ണവും വീടും സ്ഥലവും ഉള്‍പ്പെടെയുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു വിവാഹം.

എന്നാല്‍ വിവാഹശേഷം ഗ്രീമ മാനസിക പീഡനം നേരിട്ടിരുന്നതായും അടുത്തിടെ ഒരു മരണാനന്തര ചടങ്ങില്‍ വെച്ച് ഭര്‍ത്താവ് വിവാഹമോചനത്തെക്കുറിച്ച് സൂചിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദീകരിച്ച് അമ്മയും മകളും ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Reactions