ഞാൻ ബിജെപിയുടെ കളിപ്പാവയല്ല : കങ്കണ റണാവത്ത്
‘ഞാൻ ബിജെപിയുടെ കളിപ്പാവയല്ല’ : സ്വന്തം നിലപാടുകളുണ്ടെന്ന് കങ്കണ റണാവത്ത്
ന്യൂഡൽഹി: താൻ ബിജെപിയുടെ കളിപ്പാവയല്ലെന്നും സ്വന്തമായ നിലപാടുകളും വ്യക്തിത്വവുമുള്ള ആളാണെന്നും മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ദൂരദർശന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കങ്കണ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും തുറന്നുപറഞ്ഞത്.
ബിജെപിയുടെ നയങ്ങളിൽ നിന്ന് ബോധപൂർവം വ്യതിചലിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് കങ്കണ വ്യക്തമാക്കി. എന്നാൽ ബഹളങ്ങൾ നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിൽ തന്റെ ശബ്ദം വ്യക്തമായി കേൾപ്പിക്കാൻ ചില സമയങ്ങളിൽ ശക്തമായ നിലപാടുകൾ പറയേണ്ടിവരാറുണ്ടെന്നും അവർ പറഞ്ഞു.
രാഷ്ട്രീയത്തിൽ എത്തിയിട്ട് രണ്ട് വർഷം മാത്രമാണ് തനിക്ക് പരിചയമുള്ളത്. എന്നാൽ സിനിമാ മേഖലയിൽ 20 വർഷത്തെ അനുഭവസമ്പത്തുണ്ട്. ബിജെപി ഇന്ന് തനിക്കൊപ്പമുണ്ടാകാം, എന്നാൽ നാളെ പാർട്ടി തനിക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പില്ലെന്നും കങ്കണ പറഞ്ഞു.
ഒരു എംപി എന്ന നിലയിലുള്ളതിനെക്കാൾ മുമ്പ് തന്നെ അഭിനേത്രി എന്ന നിലയിൽ തനിക്ക് ശക്തമായ വ്യക്തിത്വമുണ്ട്. അതുകൊണ്ടുതന്നെ താൻ എന്തെങ്കിലും പറയുമ്പോൾ മാധ്യമങ്ങളും ജനങ്ങളും അത് ശ്രദ്ധിക്കാറുണ്ടെന്നും കങ്കണ ചൂണ്ടിക്കാട്ടി.
അടുത്ത പത്ത് വർഷത്തേക്കുള്ള പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിനും കങ്കണ വ്യക്തമായ മറുപടി നൽകിയില്ല. ഇന്നത്തെ കാലത്ത് കാര്യങ്ങൾ വളരെ വേഗത്തിൽ മാറുന്നതിനാൽ പത്ത് വർഷത്തിന് ശേഷം താൻ രാഷ്ട്രീയത്തിലായിരിക്കുമോ സിനിമയിൽ സജീവമായിരിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്.
അടുത്ത തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽ നിന്ന് ബിജെപി സീറ്റ് നൽകിയില്ലെങ്കിലും തനിക്ക് ഭയമില്ലെന്നും കങ്കണ വ്യക്തമാക്കി. ഇപ്പോൾ വ്യക്തിപരമായ കാര്യങ്ങളേക്കാൾ പൊതുവിഷയങ്ങളിൽ പ്രതികരിക്കാനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുമെന്ന ആശങ്കയില്ലെന്നും കങ്കണ വ്യക്തമാക്കി. താൻ ഇപ്പോഴും സിനിമാ നിർമാതാവും എഴുത്തുകാരിയുമാണ്. സ്വന്തം ജോലിയെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
സിനിമയിലേക്ക് തിരിച്ചെത്തിയാലും തനിക്ക് വലിയ ഡിമാൻഡുണ്ടാകുമെന്നാണ് കങ്കണയുടെ അവകാശവാദം. നിരവധി സംവിധായകർ തന്റെ ഡേറ്റിനായി കാത്തിരിക്കുന്നുണ്ടെന്നും സിനിമ എന്തുകൊണ്ടാണ് ഉപേക്ഷിച്ചതെന്ന് പലരും ചോദിക്കാറുണ്ടെന്നും അവർ പറഞ്ഞു.
