PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

മുഖ്യമന്ത്രിയാകൻ യോഗ്യൻ സതീശൻ :NDTV സർവ്വേ

പിണറായിയേക്കാൾ പ്രിയം വി ഡി സതീശന്; കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി സർവേ

തിരുവനന്തപുരം: കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് എൻഡിടിവി യുടെ ‘വോട്ട്‌വൈബ്’ സര്‍വേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ 51.9 ശതമാനം പേരാണ് നിലവിലെ സംസ്ഥാന സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്.

ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലില്‍ 31 ശതമാനം പേര്‍ സര്‍ക്കാര്‍ വളരെ മോശമായി പ്രവര്‍ത്തിക്കുന്നുവെന്നും 20.9 ശതമാനം പേര്‍ മോശം ഭരണം ആണെന്നും അഭിപ്രായപ്പെട്ടു. അതേസമയം 23.8 ശതമാനം പേര്‍ സര്‍ക്കാര്‍ വളരെ മികച്ച ഭരണം നടത്തുന്നതായി വിലയിരുത്തി. 10.7 ശതമാനം പേര്‍ നല്ല ഭരണം, 11.8 ശതമാനം പേര്‍ ശരാശരി ഭരണം എന്നും അഭിപ്രായപ്പെട്ടു. 1.8 ശതമാനം പേര്‍ പ്രതികരിച്ചില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. 22.4 ശതമാനം പേര്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് 18 ശതമാനം പേരും, കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് 16.9 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാകണമെന്ന് 14.7 ശതമാനം പേരും, ശശി തരൂര്‍ എംപി മുഖ്യമന്ത്രിയാകണമെന്ന് 9.8 ശതമാനം പേരും അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ മുന്നണികളിലേക്കുള്ള പിന്തുണയില്‍ യുഡിഎഫ് 32.7 ശതമാനവുമായി ഒന്നാമതെത്തി. എല്‍ഡിഎഫിന് 29.3 ശതമാനവും എന്‍ഡിഎക്ക് 19.8 ശതമാനവും പിന്തുണ ലഭിച്ചു. മറ്റ് കക്ഷികളെ 3 ശതമാനം പേര്‍ അനുകൂലിച്ചു.

അതേസമയം എൻഡിടിവി സർവേയില്‍ തന്റെ പേര് ഉള്‍പ്പെടാത്തതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. “ഒരു പണിയുമില്ലാത്ത ചിലരാണ് ഇത്തരത്തിലുള്ള സര്‍വേ നടത്തുന്നത്. പാര്‍ട്ടി സര്‍വേ നടത്തുന്നില്ല,” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും, കഴിഞ്ഞ ദിവസം മുസ്ലിം ലീഗുമായി ചര്‍ച്ച നടത്തിയതായും ചെന്നിത്തല തിരുവനന്തപുരത്ത് അറിയിച്ചു.