PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

രക്തസാക്ഷി ഫണ്ട് മുക്കി: സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ

രക്തസാക്ഷി ഫണ്ടിൽ കോടികളുടെ തിരിമറി; 46 ലക്ഷം എംഎൽഎ തട്ടിയെടുത്തു, മുഖ്യമന്ത്രിക്കും അറിയാം – സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ

രക്തസാക്ഷി ഫണ്ടിൽ നിന്ന് കോടികളുടെ തിരിമറി നടന്നതായി വെളിപ്പെടുത്തി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ. ധനരാജ് എന്ന സിപിഎം പ്രവർത്തകന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് പിരിച്ച ഫണ്ടിലാണ് കൃത്രിമത്വം നടന്നതെന്നാണ് ആരോപണം. 2016ലാണ് ധനരാജ് കൊല്ലപ്പെട്ടത്.

2016ൽ തന്നെ ഫണ്ട് സ്വരൂപണം ആരംഭിച്ചതായി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. 2017 ഡിസംബർ 8, 9 തീയതികളിൽ കരിവെള്ളൂരിൽ നടന്ന ഏരിയ സമ്മേളനത്തിൽ അതുവരെ ഉണ്ടായിരുന്ന വരവ്–ചെലവ് കണക്കുകൾ അവതരിപ്പിച്ചിരുന്നു. പിന്നീട് ധനരാജിന്റെ കുടുംബത്തിനായി വീട് നിർമാണം ആരംഭിച്ചെങ്കിലും 2021 വരെ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2020ൽ പാർട്ടി ഏരിയ സെക്രട്ടറിയായി ചുമതലയേറ്റതോടെ, 2021ലെ സമ്മേളനത്തിൽ കണക്കുകൾ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം തനിക്കായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. 2017ലെ സമ്മേളനത്തിൽ അവതരിപ്പിച്ച വരവിൽ പത്ത് ലക്ഷം രൂപയിലധികം കുറവാണുള്ളതെന്നും, ആകെ ഏകദേശം ഒരു കോടി രൂപയാണ് ഫണ്ട് പിരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വീട് നിർമാണ ഫണ്ടിലും കൃത്രിമം നടന്നതായി ആരോപണമുണ്ട്. 34 ലക്ഷത്തിലധികം രൂപ ചെലവായതായി കണക്കുകൾ അവതരിപ്പിച്ചെങ്കിലും, 35.25 ലക്ഷം രൂപ ചെക്ക് മുഖേന നൽകിയതായും പരിശോധനയിൽ 29.25 ലക്ഷം രൂപ കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

40 ലക്ഷം രൂപ എകെജി ഭവൻ നിർമാണത്തിനായി ഉപയോഗിച്ചുവെന്നാണ് വിശദീകരണമെങ്കിലും, അതിന് ആവശ്യമായ ഫണ്ട് പാർട്ടിക്കുണ്ടായിരുന്നുവെന്നും ധനരാജ് ഫണ്ടിൽ നിന്ന് പണം എടുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നു പയ്യന്നൂർ എംഎൽഎ ടി.എ. മധുസൂദനൻ 46 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പ്രധാന ആരോപണം. മൂന്ന് വ്യത്യസ്ത ഫണ്ടുകളിലായി ഒരു കോടിയിലധികം രൂപയുടെ തിരിമറിയുണ്ടായെന്നും, വ്യാജ രസീതുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

തെളിവുകൾ സഹിതം വിഷയത്തിൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാതെ തട്ടിപ്പ് മൂടിവച്ചുവെന്നാണ് ആരോപണം. അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പിന്നീട് എം.വി. ഗോവിന്ദനെയും വിഷയത്തിൽ ബോധിപ്പിച്ചതായും, പയ്യന്നൂരിലെ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ട് പിരിവ് രീതിയിൽ വരുത്തിയ മാറ്റങ്ങൾ കൃത്രിമങ്ങൾക്ക് വഴിയൊരുക്കിയതായും, പരാതിപ്പെട്ട തനിക്കെതിരെയാണ് പാർട്ടി നടപടിയെടുത്തതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

0 Reactions