ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കണം : രാഹുല്‍ ഗാന്ധി
ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കണം : കേരള നേതൃത്വത്തോട് രാഹുല്‍ ഗാന്ധി
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി . കേരള കോണ്‍ഗ്രസ് (മാണി വിഭാഗം) നേതാവ് ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കണമെന്നതാണ് രാഹുലിന്റെ നിര്‍ദേശം.
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ജോസിനെയും സംഘത്തെയും മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെ മധ്യകേരളത്തില്‍ യുഡിഎഫിന് കൂടുതല്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍.
ജോസ് കെ. മാണി യുഡിഎഫിലേക്ക് മടങ്ങുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കാനാണ് തീരുമാനമെന്ന് ജോസ് പരസ്യമായി വ്യക്തമാക്കിയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ യുഡിഎഫിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ അവസരം സംസ്ഥാന നേതൃത്വം പാഴാക്കിയെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നതായാണ് വിവരം.
എന്നാല്‍, ജോസ് കെ. മാണി ഇല്ലാതെയും ക്രൈസ്തവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് മുന്നണിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ, ജോസ് വിഭാഗം തിരിച്ചെത്തിയില്ലെങ്കിലും വലിയ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകില്ലെന്ന നിലപാടും മുന്നണിക്കുള്ളില്‍ നിലനില്‍ക്കുന്നു.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ വിജയസാദ്ധ്യത മാത്രം പ്രധാന മാനദണ്ഡമാക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
