വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര അനാസ്ഥയെന്നു റിപ്പോർട്ട്;

വെബ് ഡസ്ക് :-വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. രാവിലെ മുതൽ അലേർട്ട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത് അവയവം എത്തി മണിക്കൂറുകൾ കഴിഞ്ഞാണ്. ഏകോപനമില്ലായ്മ പുറത്തുവന്നതോടെ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കടുത്ത ഭാഷയിലാണ് ഡോക്ടർമാരെ വിമർശിച്ചത്. (kidney trasplant patient death update)
അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് എണ്ണമറ്റ വീഴ്ചകളാണ്. എറണാകുളത്ത് നിന്ന് അവയവം എത്തുന്ന സമയത്ത് വകുപ്പ് മേധാവികൾ ആശുപത്രിയിലുണ്ടായിരുന്നില്ല. രാവിലെ മുതൽ അവയവം എത്തും വരെ ഡോക്ടർമാരുടെ വാട്സപ്പ് ഗ്രൂപ്പിൽ അലേർട്ടുകൾ നൽകിയെങ്കിലും മുന്നൊരുക്കം നടത്തിയില്ല. ആംബുൻസ് എത്തുന്നവിവരം സെക്യൂരിറ്റി വിഭാഗത്തെ അറിയിക്കുന്നതിലും വീഴ്ച പറ്റി. അവയവം അടങ്ങിയ പെട്ടി ഏറ്റുവാങ്ങാൻ ബന്ധപ്പെട്ട വകുപ്പിലെ ഡോക്ടർമാർ എത്തിയില്ല.
സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് വിശദീകരണം നൽകിയെങ്കിലും ഇത് തള്ളികൊണ്ടാണ് നെഫ്രോളജി, യൂറോളജി മേധാവികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊലീസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിട്ടും ഡോക്ടർമാരിൽ നിന്നുണ്ടായ സമീപനത്തെ ഇന്നലത്തെ ഉന്നതതല യോഗത്തിൽ മന്ത്രി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മതി തുടർനടപടി എന്ന നിലപാടിലാണ് പൊലീസ്.സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുവദിച്ചത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top