സ്കൂളുകളിൽ എൻടിയു സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി പിൻവലിച്ച് കേരളം
സ്കൂളുകളിൽ എൻടിയു സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി പിൻവലിച്ച് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ബിജെപി അനുകൂല അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ (NTU) സംഘടിപ്പിക്കാനിരുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് നൽകിയ അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. രാഷ്ട്രീയ വിവാദം ശക്തമായതിനെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടാണ് നടപടി സ്വീകരിച്ചത്.
‘യങ് സ്കോളർ എക്സാം 2026’ എന്ന പേരിൽ നടത്താനിരുന്ന പരീക്ഷ എൻടിയുവും ആർഎസ്എസ് ബന്ധമുള്ള ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയും സംയുക്തമായാണ് സംഘടിപ്പിച്ചത്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു പരീക്ഷ.
പരീക്ഷ നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാർ സ്കൂളുകളിൽ രാഷ്ട്രീയ പ്രത്യയശാസ്ത്ര ബന്ധമുള്ള സംഘടനയുടെ നേതൃത്വത്തിൽ പരീക്ഷ സംഘടിപ്പിക്കാൻ അനുമതി നൽകിയതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നു. ഇതോടെയാണ് വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെട്ടത്.
അനുമതി നൽകിയ സാഹചര്യങ്ങളെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വിശദീകരണം തേടുകയും അനുമതി റദ്ദാക്കാൻ നിർദേശിക്കുകയും ചെയ്തു. മന്ത്രിയുടെ അറിവോടെയല്ല അനുമതി നൽകിയതെന്നാണ് മന്ത്രിയുടെ ഓഫീസിൽനിന്നുള്ള വിശദീകരണം. അനുമതി നൽകിയതിന്റെ നടപടിക്രമങ്ങൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, സ്കൂൾതല പരീക്ഷ ഒക്ടോബർ 30ന് നടന്നിരുന്നു. ഉപജില്ലാതല പരീക്ഷയും നടത്തിയതായി സംഘാടകർ അറിയിച്ചു. ഏകദേശം 90 ശതമാനം ഉപജില്ലകളിലും പരീക്ഷ പൂർത്തിയായെന്നാണ് എൻടിയു പ്രതിനിധി അവകാശപ്പെട്ടത്. ശേഷിക്കുന്ന ജില്ലാതല, സംസ്ഥാനതല മത്സരങ്ങൾ ഓൺലൈനായി നടത്താനാണ് തീരുമാനമെന്നും സംഘടന വ്യക്തമാക്കി.
മറ്റ് രാഷ്ട്രീയ-സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി പിൻവലിച്ച നടപടിയെ എൻടിയു ചോദ്യം ചെയ്തിട്ടുണ്ട്.
