പെരുമ്പാവൂരിൽ വൻ ഹെറോയിൻ വേട്ട
പെരുമ്പാവൂരിൽ വൻ ഹെറോയിൻ വേട്ട: 52 കാരിയായ വനിത അറസ്റ്റിൽ
പെരുമ്പാവൂർ: കുന്നത്തുനാട് എക്സൈസ് വിഭാഗവും എൻ.സി.ബി സംഘവും ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിൽ വൻ ഹെറോയിൻ വേട്ട. കുന്നത്തുനാട് താലൂക്ക് മാറമ്പിള്ളി വില്ലേജ് കണ്ടന്തറ ബംഗാൾ കോളനിയിൽ നടത്തിയ പരിശോധനയിൽ 66.300 ഗ്രാം ഹെറോയിൻ കൈവശം വെച്ചതിന് സലീന അലിയാർ (52) എന്ന യുവതിയെ എൻഡിപിഎസ് വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തു.

വീട്ടിനുള്ളിൽ ഹെറോയിൻ ചെറു ഡപ്പകളിൽ നിറക്കുന്ന സമയത്തായിരുന്നു സലീനയുടെ അറസ്റ്റ്. അസാമിൽ നിന്നും ബോക്സുകളിലായി ഹെറോയിൻ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച് ചെറു ഡപ്പകളിൽ മാറ്റി അതിഥി തൊഴിലാളികളെ കൊണ്ട് വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് അന്വേഷണം വ്യക്തമാക്കുന്നു.
പോലീസിനും എക്സൈസിനും വിവരം കൊടുക്കുന്ന ആളെന്ന തെറ്റിദ്ധരിപ്പിച്ചാണ് അതിഥി തൊഴിലാളികൾക്കിടയിൽ സലീന ഹെറോയിൻ കച്ചവടം നടത്തിയിരുന്നത്. ഹെറോയിൻ വില്പന നടത്തി ലഭിച്ച 9,33,400 രൂപയും രണ്ട് മൊബൈൽ ഫോണുകളും നോട്ടെണ്ണുന്ന മെഷീനും പ്രതിയുടെ പക്കൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.
തുടർ നടപടികൾക്കായി പ്രതിയെ കോടതിയിൽ ഹാജരാക്കി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസ്, പെരുമ്പാവൂർ റേഞ്ച്, മാമല റേഞ്ച്, എൻ.സി.ബി സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ വൻ പരിശോധന നടന്നത്.
#KeralaNews #LatestNews #DrugBust #Perumbavoor
