
തിരുവല്ല: ആശുപത്രിയിൽ കടന്ന് പ്രസവിച്ചു കിടന്ന യുവതിയെ കൊള്ളാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കായംകുളം കണ്ടല്ലൂർ വെട്ടത്തിൽ കിഴക്കേതിൽ അനുഷയുമായി (30) പൊലീസ് തെളിവെടുപ്പ് നടത്തി.
നഴ്സിന്റെ വേഷത്തിലായിരുന്നു പ്രതി കൊലപാതകശ്രമം നടത്തിയത്. പ്രതി സിറിഞ്ചും നഴ്‌സിങ് കോട്ടും വാങ്ങിയ സ്ഥാപനങ്ങളില്‍ എത്തിച്ചാണ് ശനിയാഴ്ച തെളിവെടുപ്പ് നടത്തിയത്. പ്രതിയെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. നഴ്സിങ് ഓവർക്കോട്ടു വാങ്ങിയ കായംകുളത്തെ കടയിൽ കൊണ്ടുപോയാണ് തെളിവെടുപ്പു നടത്തിയത്.
ഇതിനുശേഷം പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ച അനുഷയെ, ഡിവൈഎസ്പി ഓഫിസിലെത്തിച്ച് വിരലടയാളം ഉൾപ്പെടെ ശേഖരിക്കും. വൈകിട്ട് കോടതിയിൽ ഹാജരാക്കും.
‘‘എത്ര സമയം എടുത്തിട്ടുണ്ടെന്ന് അറിയില്ലെങ്കിലും ആസൂത്രണം നടന്നിട്ടുണ്ട്. കായംകുളത്തെ കടയിൽനിന്നു നഴ്സിങ് ഓവർകോട്ടും പുല്ലുകുളങ്ങരയിലെ കടയിൽനിന്നു സിറിഞ്ചും വാങ്ങിച്ചിട്ടുണ്ട്. ഫാർമസി പഠനം പൂർത്തിയാക്കിയ അനുഷയ്ക്ക് ആശുപത്രി കാര്യങ്ങൾ സംബന്ധിച്ച് ബോധ്യമുള്ളയാളാണ്’’– തിരുവല്ല ഡിവൈഎസ്പി ആർ.അർഷാദ് പറഞ്ഞു. നിലവിൽ അനുഷ മാത്രമാണ് കേസിലെ പ്രതിയെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.
‘‘സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അനുഷയും സ്നേഹയുടെ ഭർത്താവ് അരുണും തമ്മിൽ സ്നേഹബന്ധമുണ്ടായിരുന്നു. മറ്റു തരത്തിലുള്ള സൗഹൃദമുണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരുകയാണ്. ഇരുവരുടെയും വാട്സാപ് ചാറ്റുകൾ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കും. നിലവിൽ അരുണിനെ കേസുമായി ബന്ധപ്പെടുത്തുന്ന സൂചനകൾ ലഭിച്ചിട്ടില്ല.’’– ഡിവൈഎസ്പി പറഞ്ഞു.
കിളികള്‍ക്ക് മരുന്ന് നല്‍കാനെന്ന് പറഞ്ഞാണ് അനുഷ സിറിഞ്ച് വാങ്ങിയതെന്നാണ് വിവരം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതി കടയില്‍ എത്തിയതെന്ന് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയും പ്രതികരിച്ചു. ‘ഒരു സിറിഞ്ചും രണ്ട് ഗ്ലൗസുകളും ഒരുറോള്‍ കോട്ടണും വാങ്ങി. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നിയില്ല. ഇപ്പോളാണ് സംഭവമെല്ലാം അറിയുന്നത്. അവര്‍ നേരത്തെയൊന്നും കടയില്‍ വന്നിട്ടില്ല’, മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ പറഞ്ഞു. കായംകുളത്തെ ഒരു കടയില്‍നിന്നാണ് അനുഷ നഴ്‌സിങ് കോട്ട് വാങ്ങിയത്. ഈ കടയിലെ ജീവനക്കാരിയും പ്രതിയെ തിരിച്ചറിഞ്ഞു.
അനുഷ യുവതിയെ കൊല്ലാൻ ശ്രമിച്ചത് അരുണിനൊപ്പം ജീവിക്കാൻ: #anusha
You must log in to post a comment.