𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സ്വകാര്യ ബസ് സമരം പിൻവലിച്ചു, തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ;

കോട്ടയം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രിആന്റണി രാജു ബസ് സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18 ന് മുമ്പ് തീരുമാനത്തിൽ എത്തുമെന്നും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.