വോട്ട് ചോരി വിവാദം ശക്തമാകുന്നു
വോട്ട് ചോരി വിവാദം ശക്തമാകുന്നു: തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിക്കെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നീക്കവുമായി
രാജ്യത്ത് വോട്ട് ചോരി ആരോപണങ്ങള്‍ കടുത്ത വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ പ്രതിപക്ഷം കഠിന നിലപാടാണ് സ്വീകരിക്കുന്നത്. വോട്ട് ചോരി വിവാദത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തന ശൈലി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കാന്‍ നീക്കം തുടങ്ങിയത്.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാര്‍ വോട്ട് ചോരി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഭരണഘടനയ്‌ക്കെതിരായതും അടിസ്ഥാന രഹിതവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി കഴിഞ്ഞ കുറേ ദിവസങ്ങളായി വോട്ട് ചോരി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രത്യേകിച്ച് കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് വലിയ അട്ടിമറി നടന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. നിരവധി അസാധാരണ വോട്ടർമാരും ദുരൂഹ സാഹചര്യങ്ങളിലും വോട്ടിങ് ട്രെൻഡുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ സമഗ്രമായ അന്വേഷണം ആരംഭിച്ചില്ലെന്നും, തെരഞ്ഞെടുപ്പ് ദിവസം CCTV ദൃശ്യങ്ങളെയും കുറിച്ച് വിശദീകരണമില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. രാഹുൽ ഗാന്ധി ആരോപിക്കുന്നത്, BJP-യുമായി ചേർന്ന് കമ്മീഷൻ വോട്ടു അട്ടിമറിച്ചെന്നുമാണ്.
തെരഞ്ഞെടുപ്പ് പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും വോട്ട് ചോരി സംഭവിച്ച മണ്ഡലങ്ങളെക്കുറിച്ചും രാഷ്ട്രീയ പാർട്ടികൾ മുമ്പ് തന്നെ റിപ്പോർട്ട് ചെയ്യാമായിരുന്നുവെന്ന് കമ്മീഷൻ പ്രതികരിച്ചു. പക്ഷേ, വിവരങ്ങൾ മുൻകൂട്ടി കൈമാറിയിട്ടില്ലെന്ന് പ്രതിപക്ഷം വിശദമാക്കുന്നു.
രാഹുല്‍ ഗാന്ധി ‘വോട്ട് അധികാര്‍ യാത്ര കഴിഞ്ഞ ദിവസം ബീഹാറിൽ ആരംഭിച്ചു വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതിത്വ നിലപാട് തുറന്നു കാണിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
ഈ പശ്ചാത്തലത്തിലാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് എന്ന കടുത്ത നീക്കത്തിൽ പ്രതിപക്ഷം എത്തിയത്. ജനാധിപത്യത്തിന്റെ വിശ്വാസ്യത നിലനിർത്താൻ വേണ്ടിയുള്ള ഈ നീക്കം രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയാകുകയാണ്.

