എസ്എൻഡിപി–എൻഎസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ജി. സുകുമാരൻ നായർ
എസ്എൻഡിപിയും എൻഎസ്എസും ഹൈന്ദവ സംഘടനയിലെ പ്രബല സമുദായങ്ങൾ, ഒന്നിക്കുന്നതിൽ തെറ്റെന്ത്? – ജി. സുകുമാരൻ നായർ
സമുദായങ്ങൾ തമ്മിൽ ഐക്യം വേണമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിക്കുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എൻഎസ്എസുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന ആഗ്രഹം വെള്ളാപ്പള്ളി നടേശനും എസ്എൻഡിപിക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 21ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന അർത്ഥത്തിലാണ് മുൻപ് സംസാരിച്ചതെന്നും, ഇന്നും അതേ നിലപാടിലാണ് ചർച്ചകൾ നടന്നതെന്നും സുകുമാരൻ നായർ അറിയിച്ചു. എൻഎസ്എസിനും ഈ ഐക്യത്തിന് താൽപര്യമുണ്ടെന്നും, കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിലാണ് സംഘടന മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് നേതൃത്വം ചർച്ച ചെയ്ത് അനുകൂലമായ തീരുമാനമെടുക്കുമെന്നതിലാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദായങ്ങൾ തമ്മിലുള്ള ഐക്യം വ്യക്തിപരമായും സംഘടനാപരമായും ആവശ്യമാണെന്നാണ് തന്റെ നിലപാടെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. എന്നാൽ എൻഎസ്എസ് ഐക്യത്തിലേക്ക് നീങ്ങുന്നത് സംഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കുമെന്നും, ഒരു സമുദായത്തോടോ മതത്തോടോ വിരോധം പുലർത്തുന്ന നിലപാടുകൾക്ക് വഴിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട്, ഹൈന്ദവ സംഘടനയിലെ പ്രബല സമുദായങ്ങളായ എസ്എൻഡിപിയും എൻഎസ്എസും തമ്മിൽ ഐക്യത്തിലേക്ക് പോകുന്നതിൽ തെറ്റെന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സംവരണ വിഷയത്തിൽ മുൻകാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ അത് വിഷയമല്ലാതായി മാറിയ സാഹചര്യത്തിലാണ് ഐക്യചർച്ചകൾ ശക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയ പാർട്ടികളോടും എൻഎസ്എസിന് ഒരേ സമീപനമാണെന്നും, എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സാമൂഹിക പ്രശ്നങ്ങൾ എവിടെ നിന്നുണ്ടായാലും അതിനെ വിമർശിക്കുന്ന നിലപാട് നിലനിർത്തിക്കൊണ്ടാണ് ഈ ഐക്യം എൻഎസ്എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
