ഷഹാനയുടെ മരണം ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം മൂലം:
വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭർത്താവ് വിദേശത്തേക്ക് പോയി; അബ്ദുൽ വാഹിദിന് നിറം പ്രശ്നമായത് അതിനു ശേഷം; മലപ്പുറത്തെ ഷഹാന മുംതാസിന്റെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ന്റെ മരണത്തിൽ ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനുമെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉയർത്തുന്നത് ഗുരുതര ആരോപണങ്ങൾ. വിവാഹത്തിന് ശേഷം നിറത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുക്കളും നിരന്തരം ആക്ഷേപിച്ചിരുന്നെന്നാണ് ആരോപണം. വിവാഹ ബന്ധം വേർപെടുത്താൻ നിർബന്ധിക്കുകയും ചെയ്തു. ഇതോടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ഷഹാന മുംതാസ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊണ്ടോട്ടിയിലുള്ള വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെനേരം വിളിച്ചിട്ടും ഷഹാന മുറി തുറക്കാത്തതിനെ തുടർന്നു അയൽവാസികൾ ഉൾപ്പെടെ എത്തി വാതിൽ വെട്ടിപ്പൊളിച്ചപ്പോൾ ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക പീഡനം സഹിക്കാനാകാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് ആരോപണം. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെൺകുട്ടിയെ മാനസിക സംഘർഷത്തിലാക്കുന്ന നിലപാട് അബ്ദുൽ വാഹിദിൽ നിന്നുണ്ടായതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.
വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുൽ വാഹിദ് വിളിച്ചതെന്ന് ഷഹാന മുംതാസിൻ്റെ ബന്ധുവായ അബ്ദുൾ സലാം വെളിപ്പെടുത്തി. ഷഹാനയുടെ നിറം തനിക്ക് പ്രശ്നമാണെന്നും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നും ഭർത്താവ് കുറ്റപ്പെടുത്തിയെന്ന് ഷഹാനയുടെ ബന്ധു പറഞ്ഞു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചു. മകനെ തിരുത്തേണ്ട ഉമ്മയാണ് ഇത് ചോദിച്ചത്. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെൺകുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറഞ്ഞു.
വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് നിർബന്ധിച്ചതിലെ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് മാതാപിതാക്കളും ആരോപിക്കുന്നത്. വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് നിർബന്ധിച്ചിരുന്നു. ഭർത്താവിൻറെ മാതാപിതാക്കളും അതിന് കൂട്ടു നിന്നു. നിറം കുറവെന്നും, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നതുമായിരുന്നു യുവതിക്കെതിരെ ഭർത്താവും വീട്ടുകാരും നിരന്തരം ആരോപിച്ചിരുന്ന കുറ്റം. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് ഷഹാന മുംതാസ് തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
0 Reactions

