PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

പീഡനത്തിനിരയാക്കിയവരിൽ പ്ലസ്ടു വിദ്യാർത്ഥി മുതൽ പരിശീലകൻ വരെ:

പത്തനംതിട്ടയിലെ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയവരിൽ പ്ലസ്ടു വിദ്യാർത്ഥി മുതൽ പരിശീലകൻ വരെ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

പത്തനംതിട്ട: പത്തനംതിട്ടയിൽ അറുപതിലേറെ പേർ അ‍ഞ്ചുവർഷമായി ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ പരാതിയിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന. ഇന്നലെ രാത്രി വൈകി മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പമ്പയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേസിൽ ഇതുവരെ 20 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ ഇതുവരെ എട്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെൺകുട്ടിയുടെ മൊഴി. പ്ലസ്ടു വിദ്യാർത്ഥി മുതൽ പരിശീലകൻ വരെ തന്നെ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉൾപ്പെടെ ഇന്നലെ പിടിയിലായിരുന്നു പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റിൽ ആയവരിലുണ്ട്.
കാമുകനും കാമുകന്റെ കൂട്ടുകാരും പിതാവിൻറെ സുഹൃത്തുക്കളും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പിതാവിൻറെ ഫോൺ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികൾ നഗ്നചിത്രങ്ങൾ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകി. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളിൽ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു. പത്തനംതിട്ട ചുട്ടിപ്പാറയിൽ എത്തിച്ചും പീഡിപ്പിച്ചെന്ന വിവരവും പെൺകുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്.

അഞ്ചുവർഷത്തിനിടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു പീഡനക്കേസിൽ ഇത്രയേറെ പ്രതികൾ വരുന്നത് ആദ്യമായാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പതിമൂന്ന് വയസ് മുതൽ നിരന്തരം ലൈം​ഗിക പീഡനത്തിന് ഇരയാകുന്നു എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ആദ്യം ലൈം​ഗികപീഡനത്തിന് ഇരയാക്കിയത് കാമുകനാണ്. വിവാ​ഹ വാ​ഗ്ദാനം നൽകിയായിരുന്നു പീഡനം. 2019 ൽ വിവാഹവാഗ്ദാനം നൽകി കാമുകൻ പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

തുടർന്ന് കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. അഞ്ചു വർഷത്തിനിടെ അറുപതിലേറെ ആളുകൾ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിൽ അറിയിച്ചത്. തുടർന്ന് അവർ വിവരം ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. ഇതിന് പിന്നാലെ പെൺകുട്ടിയെ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിർഭയയിൽ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങൾ മനസ്സിലാക്കുകയായിരുന്നു. തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ആറ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 64 പേർ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതിൽ 34 ആളുകളുടെ പേരുകൾ പെൺകുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ബാക്കിയുള്ള 30 ആളുകളുടെ ഫോൺനമ്പറുകളാണുള്ളത്. ഇതിൽ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണിൽനിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളിൽ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്.

പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ച കാമുകൻ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേർക്ക് പീഡിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തത് കേസിൽ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവൽ തുണ്ടിയിൽ വീട്ടിൻ സുബിനാണ്. ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതിയാണ് സുബിൻ. സുബിന്റെ സുഹൃത്താണ് പത്തനംതിട്ടയിൽ അറസ്റ്റിലായ മറ്റു പ്രതികൾ. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള അന്വേഷണം വ്യാപകമാക്കി.
പെൺകുട്ടിക്ക് സ്വന്തമായി ഫോണുണ്ടായിരുന്നില്ല. അച്ഛന്റെ ഫോൺ ആണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ച പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത അഫ്സൽ ഇതേ സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യശ്രമക്കേസിൽ പ്രതിയാണ്. മറ്റൊരു കേസിൽ അറസ്റ്റിലായ കണ്ണപ്പൻ എന്ന സൂധീഷ് ക്രിമിനൽ കേസിലും നിഷാദ് എന്നു വിളിക്കുന്ന അപ്പു രണ്ട് മോഷണക്കേസുകളിലും പ്രതിയാണ്.
0 Reactions

Leave a Reply

Your email address will not be published. Required fields are marked *