സിപിഎം ബന്ധം ഉപേക്ഷിച്ചു സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ.
സിപിഎമ്മിന് വീണ്ടും തിരിച്ചടി; മുതിർന്ന വനിതാ നേതാവ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ
കൊല്ലം ജില്ലയിലെ മുതിർന്ന സി പി എം വനിതാ നേതാവും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായിരുന്ന സുജ ചന്ദ്രബാബു പാർട്ടി ബന്ധം അവസാനിപ്പിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ച സുജ, മുസ്ലിം ലീഗിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി അവരെ ഔദ്യോഗികമായി സ്വീകരിച്ചു.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുജ ചന്ദ്രബാബു, പാർട്ടിയുടെ നിലവിലെ വർഗീയ–ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരായ പ്രതിഷേധമായാണ് രാജിയെന്ന് വ്യക്തമാക്കി. യാതൊരു തരത്തിലുള്ള വാഗ്ദാനങ്ങളുമില്ലാതെ, സ്വന്തം തീരുമാനപ്രകാരമാണ് ലീഗിലേക്ക് എത്തുന്നതെന്നും, എല്ലാവരെയും ഒരുപോലെ കൈപിടിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും അവർ പറഞ്ഞു.
ഐഷ പോറ്റി ഉന്നയിച്ച ആരോപണങ്ങളോട് തനിക്കും യോജിപ്പുണ്ടെന്നും, പാർട്ടിയിലെ ചില നേതാക്കൾ എല്ലാം നിയന്ത്രിക്കുന്ന നിലയിലാണെന്നുമുള്ള വിമർശനവും സുജ ഉന്നയിച്ചു.
സുജ ചന്ദ്രബാബുവിന്റെ വരവിനെ സ്വാഗതം ചെയ്ത സാദിഖലി തങ്ങൾ, തെക്കൻ കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ പ്രവണത രൂപപ്പെടുന്നുവെന്നതിന് ഇതു തെളിവാണെന്ന് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിന് ഇപ്പോൾ ഏറ്റവും വലിയ രാഷ്ട്രീയ വളർച്ച തെക്കൻ ജില്ലകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
