കൊറിയയെ തകർത്ത ബ്രസീൽ ക്വാർട്ടറിൽ;
ദോഹ : ലോകകപ്പില്‍ നടന്ന ആറാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സൗത്ത് കൊറിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ വിജയം.
974 സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടിറ്റെയും സംഘവും ആധികാരിക വിജയം സ്വന്തമാക്കിയത്.
വിജയത്തോടെ ക്വാര്‍ട്ടറിലേക്ക് കാലെടുത്ത് വെക്കുവാനും കാനറിപ്പടയ്ക്ക് കഴിഞ്ഞു. ആദ്യ പകുതിയിലാണ് ബ്രസീലിന്റെ നാല് ഗോളുകളും പിറന്നത്. ഏഴാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ ആയിരുന്നു ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. റാഫിഞ്ഞയുടെ ക്രോസ് പിടിച്ചെടുത്ത് വിനി തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു.
അധികം വൈകാതെ 13ആം മിനിറ്റില്‍ തന്നെ ബ്രസീലിന് അനുകൂലമായി മത്സരത്തില്‍ പെനല്‍റ്റി.
റിച്ചാര്‍ലിസണിനെ ബോക്സില്‍ വീഴ്ത്തിയതിന് ആയിരുന്നു റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. സ്കോര്‍ 2-0. പിന്നീട് 29ആം മിനിറ്റില്‍ റിച്ചാര്‍ലിസണും, 36ആം മിനിറ്റില്‍ പക്ക്വേറ്റയും കൂടി സ്കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ തന്നെ ബ്രസീലിന്റെ പട്ടിക പൂര്‍ത്തിയായി. തിയാഗോ സില്‍വ റിച്ചയുടെ ഗോളിന് വഴിയൊരുക്കിയപ്പോള്‍,
പക്ക്വേറ്റയുടെ ഗോളിന് വിനിഷ്യസ് ആണ് പങ്കാളിയായത്. അതോടെ 4-0 എന്ന നിലയില്‍ ആദ്യ പകുതിക്ക് വിരാമമായി.
45 മിനിറ്റ് കൂടി ബാക്കിയുണ്ടായിരുന്നതിനാല്‍ ഒരു ഗോള്‍മഴ തന്നെയാണ് ബ്രസീലിയന്‍ ആരാധകര്‍ സ്വപ്നം കണ്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീലിനെ ഗോളടിക്കാന്‍ അനുവദിക്കാതെ കൊറിയ പിടിച്ചുകെട്ടുകയായിരുന്നു. ഇതിനിടയില്‍ 76ആം മിനിറ്റില്‍ പയിക് സ്യുങ് കൊറിയയ്ക്കായി ആശ്വാസഗോള്‍ സ്വന്തമാക്കി. ബോക്സിന് വെളിയില്‍ നിന്നും ഒരു ഹാഫ് വോളിയിലൂടെയാണ് താരം വലകുലുക്കിയത്.
തുടര്‍ന്നുള്ള സമയവും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഗോളുകള്‍ ഒന്നും തന്നെ പിറന്നില്ല. ഒടുവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാനറിപ്പട വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
ഈയൊരു വിജയത്തോടെ ആധികാരികമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കുവാനും അവര്‍ക്ക് സാധിച്ചു. ക്രൊയേഷ്യയെയാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ നേരിടുക. പരാജയപ്പെട്ട് കൊറിയ ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും മികച്ച പ്രകടനം മത്സരത്തില്‍ കാഴ്ചവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. നിര്‍ഭാഗ്യവും,
ഫിനിഷിങ്ങിലെ പോരായ്മകളും കൊണ്ടാണ് കൂടുതല്‍ ഗോളുകള്‍ നേടുവാന്‍ അവര്‍ക്ക് കഴിയാതെ പോയത്. എന്തായാലും പോര്‍ച്ചുഗല്‍, ഉറുഗ്വായ്, ഘാന തുടങ്ങിയ മികച്ച ടീമുകള്‍ അണിനിരന്ന ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലേക്ക് കടക്കുവാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് അഭിമാനിക്കാം.
ഇന്നത്തെ മത്സരത്തോടെ ഇതുവരെയുള്ള 4 മത്സരങ്ങളിലായി സ്ക്വാഡിലെ 26 താരങ്ങള്‍ക്കും ടിറ്റെ അവസരം നല്‍കുകയുണ്ടായി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം സ്ക്വാഡിലെ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുന്നത്.
പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ നെയ്മര്‍ മികച്ച പ്രകടനം തന്നെയാണ് മത്സരത്തില്‍ കാഴ്ച വെച്ചത്. ഒരു ഗോള്‍ നേടുവാനും താരത്തിനായി. കൂടാതെ നെയ്മറുടെ സാന്നിധ്യം ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കി എന്നുവേണം പറയാന്‍.
