താലിബാൻ കസ്റ്റഡിക്ക് പിന്നാലെ വിമർശനം : ഐഫോൺ എറിഞ്ഞുപൊട്ടിച്ച് അരുണിമ
കൊച്ചി: അഫ്ഗാനിസ്ഥാൻ യാത്രയ്ക്കിടെ താലിബാന്റെ കസ്റ്റഡിയിലാവുകയും പിന്നീട് സുരക്ഷിതമായി നാട്ടിലെത്തുകയും ചെയ്ത മലയാളി യാത്രിക അരുണിമ, സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ പ്രതിഷേധിച്ച് തന്റെ ഐഫോൺ എറിഞ്ഞുപൊട്ടിച്ചതായി വെളിപ്പെടുത്തി. തനിക്കെതിരെ ഉയർന്ന മോശം പരാമർശങ്ങളും വ്യാജ പ്രചാരണങ്ങളും സഹിക്കാനാകാതെയാണ് ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോൺ എറിഞ്ഞുപൊട്ടിച്ചതെന്ന് അരുണിമ പുതിയ വീഡിയോയിലൂടെ പറഞ്ഞു.
താലിബാൻ തടഞ്ഞുവച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഇടപെടലോടെയാണ് അരുണിമ ഡൽഹി വഴി കൊച്ചിയിലെത്തിയത്. നാട്ടിലെത്തിയ ശേഷം ദിവസങ്ങളോളം ഫോൺ നോക്കിയിരുന്നില്ലെന്നും അരുണിമ പറയുന്നു.
എന്നാൽ പിന്നീട് രാവിലെ സോഷ്യൽ മീഡിയയിലെ റിയാക്ഷൻ വീഡിയോകൾ കണ്ടതോടെ കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെട്ടെന്നും നിയന്ത്രണം വിട്ട് ഐഫോൺ എറിഞ്ഞുപൊട്ടിക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി.


“എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കിൽ ഞാൻ അത് അംഗീകരിച്ചേനെ. അഫ്ഗാനിസ്ഥാനിൽ കണ്ട കാര്യങ്ങളുടെ അഞ്ച് ശതമാനം മാത്രമാണ് ഞാൻ പറഞ്ഞത്. എല്ലാം തുറന്നുപറഞ്ഞാൽ അവിടെ നടന്ന കാര്യങ്ങൾ ആർക്കും മനസിലാകില്ല. അവിടുത്തെ അനുഭവങ്ങളിൽ നിന്ന് മാനസികമായി പൂർണമായി മുക്തയാകാതെയാണ് ഞാൻ നാട്ടിലെത്തിയത്,” അരുണിമ പറഞ്ഞു.
നാട്ടിലെത്തിയ ശേഷവും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തയാകാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച റിയാക്ഷൻ വീഡിയോകളും മോശം പരാമർശങ്ങളും ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കടുത്ത സമ്മർദ്ദത്തിലായെന്നും ഒടുവിൽ ഐഫോൺ എറിഞ്ഞുപൊട്ടിച്ചെന്നും അരുണിമ പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും വ്യക്തിപരമായ അധിക്ഷേപങ്ങളിലും പ്രതിഷേധിച്ചാണ് തന്റെ പ്രതികരണമെന്നും അരുണിമ വ്യക്തമാക്കി.
