തിരഞ്ഞെടുപ്പ് സർവേ റിപ്പോർട്ട്: യുഡിഎഫ് മുൻതൂക്കം
പുതിയ സർവേ: യുഡിഎഫ് 32.7%, എൽഡിഎഫ് 29.3%
സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക സൂചനകളുമായി പുതിയ സർവേ ഫലം. സർവേ പ്രകാരം യുഡിഎഫിന് 32.7 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ എൽഡിഎഫ് 29.3 ശതമാനത്തിലേക്ക് താഴും, എൻഡിഎയ്ക്ക് 19.8 ശതമാനം ആയി വോട്ട് ശതമാനം വർധിക്കും എന്നാണ് കണക്കാക്കുന്നത്.
സർക്കാരിന്റെ പ്രവർത്തനം ‘മോശം’ അല്ലെങ്കിൽ ‘വളരെ മോശം’ എന്നാണ് 52 ശതമാനം പേർ വിലയിരുത്തിയത്, ഇത് എൽഡിഎഫിന് വലിയ തിരിച്ചടിയായി മാറുന്നുണ്ട്. പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം മൂന്നാം ഊഴം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ കടുത്ത വെല്ലുവിളികളാണ് ഉയരുന്നത്.
അതേസമയം, യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമുണ്ടെങ്കിലും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസം 42 ശതമാനം വോട്ടർമാരെ ആശങ്കപ്പെടുത്തുന്ന ഘടകമായി തുടരുന്നു. കൂടാതെ, 15 ശതമാനം വോട്ടർമാർ ഇപ്പോഴും തീരുമാനം എടുക്കാത്ത നിലയിലാണ്, ഇവരുടെ നിലപാട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലാണ്.
ഭരണം തിരികെ പിടിക്കാനുള്ള ശക്തമായ നീക്കങ്ങളുമായി യുഡിഎഫ് മുന്നേറുമ്പോൾ, രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് സർവേ നൽകുന്നത്.

