ആലപ്പുഴ: വ്യാജ അഭിഭാഷകAdvocate സെസി സേവ്യർSesi Xavier 21 മാസത്തോളം ഒളിവിൽ കഴിഞ്ഞത് നേപ്പാളിലെന്ന് റിപ്പോർട്ടുകൾ. കേരള പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന സെസി ഇന്നലെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. സെസി സേവ്യറിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് യുവതി കീഴടങ്ങിയത്.
അതിനിടെ സെസി സേവ്യറിനെ കോടതി റിമാൻഡ് ചെയ്തു. മെയ് എട്ടുവരെയാണ് കോടതി റിമാൻഡ് ചെയ്തത്. സെസിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒളിവിൽ പോയ ശേഷം സെസി സേവ്യർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സെസി ഒളിവിൽ തുടരുകയായിരുന്നു. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പ്രതി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്.
വ്യാജ രേഖയുപയോഗിച്ചാണ് അഭിഭാഷകയായി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സെസി ഒളിവിൽ പോയത്. മതിയായ യോഗ്യത ഇല്ലാതെയാണ് സെസി രണ്ടരവർഷം കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. ക്രിമിനൽ കേസുകളിൽ പോലും വാദിക്കാനെത്തിയ ഇവർ അഞ്ചു കേസുകളിൽ കമ്മീഷണറായിപോയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു.
ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വർഷമായി സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സെസി, അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടര വർഷത്തോളമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു.
2021ൽ സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവർ നൽകിയ എൻറോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാർ കൗൺസിലിൻറെ പട്ടികയിൽ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പർ കാണിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവിൽ പഠനം പൂർത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ ബാർ അസോസിയേഷനിൽനിന്ന് സെസിയെ പുറത്താക്കിയിരുന്നു.
