കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടുനല്‍കി, അധ്യാപിക അറസ്റ്റില്‍;

തലശ്ശേരി: കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുകൊടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാലയാട് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയാണ് (42) അറസ്റ്റിലായത്.



 പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണ്. കേസന്വേഷണ സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് ഇവരെ അറസ്റ്റ് ചെയ്തത്. സിപിഎം പ്രവര്‍ത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനയില്‍ മുഖ്യപ്രതിയായ നിജില്‍ദാസിനെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തിലാണ് യുവതി അറസ്റ്റിലായത്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യയുടെ അറിവോടെയാണ് നിജില്‍ദാസിന് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ താമസത്തിന് സൗകര്യമൊരുക്കിയതെന്നാണ് പോലിസില്‍നിന്നുള്ള വിവരം.



മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞ വീട്. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാര്‍ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നത്. നിജില്‍ദാസിന് ഒളിച്ചുകഴിയാന്‍ രേഷ്മ വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടെന്ന് പോലിസ്. ഒളിച്ചുതാമസിക്കാന്‍ ഒരിടംവേണമെന്നുപറഞ്ഞ് വിഷുവിന് ശേഷമാണ് പ്രതി, സുഹൃത്തായ അധ്യാപികയെ ഫോണില്‍ വിളിച്ചത്. 17 മുതല്‍ നിജില്‍ദാസിന് താമസിക്കാന്‍ രേഷ്മ സൗകര്യമൊരുക്കി. ഭക്ഷണമടക്കം പാകം ചെയ്ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടില്‍ വരുന്നത് കണ്ടതായി പ്രദേശവാസികള്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് പോലിസ് പറഞ്ഞു.



പുന്നോല്‍ അമൃത വിദ്യാലയത്തിലേക്ക് നിജില്‍ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്മ എത്തിയത്.
ബസ് സ്‌റ്റോപ്പില്‍നിന്ന് സ്‌കൂളിലും തിരിച്ചും എത്തിക്കാന്‍ കൃത്യസമയത്ത് നിജില്‍ദാസ് എത്തുമായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ് ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങളും. മുഴുവന്‍ തെളിവും ശേഖരിച്ച ശേഷമാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന അണ്ടലൂര്‍ കാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. അണ്ടലൂര്‍ കാവിനടുത്ത വീട്ടിലാണ് രേഷ്മയും മക്കളും താമസം. രണ്ടുവര്‍ഷം മുമ്പ് കുടുംബം നിര്‍മിച്ച രണ്ടാമത്തെ വീടാണ് പിണറായി പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗള്‍ഫില്‍ പോകുംവരെ അണ്ടലൂരിലും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ചുതാമസിപ്പിച്ചത് ഐ.പി.സി 212 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സിപിഎം പ്രവര്‍ത്തകനും ന്യൂമാഹി പുന്നോലിലെ മല്‍സ്യതൊഴിലാളിയുമായ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹക് പുന്നോല്‍ ചെള്ളത്ത് മടപ്പുറക്കടുത്ത പാറക്കണ്ടി വീട്ടില്‍ നിജില്‍ദാസ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പിണറായി പാണ്ഡ്യാലമുക്കില്‍ ഒളിവില്‍ കഴിയുന്ന വിവരം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് പോലിസ് തിരിച്ചറിഞ്ഞത്.



Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top