നാടിനെ ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം;
രഞ്ജിത ജോലിസംബന്ധമായ ആവശ്യത്തിനായി നാട്ടിലെത്തി; മടങ്ങുമ്പോള്‍ അപകടം
നാടിനെ ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച കോഴഞ്ചേരി പുല്ലാട് കുറുങ്ങഴക്കാവ് അയ്യപ്പ ക്ഷേത്രത്തിന് സമീപം കൊഞ്ഞോണ്‍ വീട്ടിൽ രഞ്ജിത (38) 2014ൽ ഒമാനിലാണ് ആദ്യമായി നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്.
2019-ൽ പി എസ് സി വഴി സർക്കാർ ഹെൽത്ത് സർവീസിൽ ജോലി ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്. പിന്നീട് അവധി എടുത്ത് വീണ്ടും ഒമാനിലേക്ക് പോയി.
ഒമാനിലെ സലാലയിൽ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്ത രഞ്ജിത, സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് പരീക്ഷയെഴുതി ലണ്ടനിലേക്ക് പോകുന്നത്. ഏകദേശം ഏഴ് മാസം മുൻപാണ് രഞ്ജിത NHS ൽ ജോലിയിൽ പ്രവേശിച്ചത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയിൽ തിരികെ പ്രവേശിച്ച്, നാട്ടിൽ നിർമിക്കുന്ന പുതിയ വീട്ടിൽ ഇനി താമസിക്കാനായിരുന്നു രഞ്ജിതയുടെ ആഗ്രഹം. തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതിനായുള്ള ഔദ്യോഗിക നടപടികൾക്കായാണ് ഇത്തവണ അഞ്ച് ദിവസത്തെ അവധി എടുത്ത് നാട്ടിലെത്തിയത്.
ജോലി സംബന്ധമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞദിവസം വൈകീട്ടാണ് വീട്ടിൽ നിന്ന് മടങ്ങിയത്. ചെങ്ങന്നൂരിൽ നിന്ന് ട്രെയിനിലൂടെ നെടുമ്പാശ്ശേരിയിലെത്തി, അവിടെനിന്ന് ചെന്നൈയിലേക്കും, പിന്നീട് അഹമ്മദാബാദിലേക്കും പോവുകയായിരുന്നു. അഹമ്മദാബാദിൽ നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം.
ജീവിത പങ്കാളിയുമായി വേർപിരിഞ്ഞ് ജീവിച്ചിരുന്ന രഞ്ജിതയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്.
- മൂത്തമകൻ: ഇന്ദുചൂഡൻ – പുല്ലാട് എസ്.വി.എച്ച്.എസ് സ്‌കൂൾ പത്താം ക്ലാസ്
- ഇളയ മകൾ: ഇൻദിത – ഇരവിപേരൂർ ഒ.ഇ.എം സ്‌കൂൾ ഏഴാം ക്ലാസ്
കുടുംബ പശ്ചാത്തലം
പിതാവ് ഗോപകുമാരൻ നായർ അഞ്ച് വർഷം മുമ്പ് മരിച്ചു. മാതാവ്: തുളസി.
സഹോദരങ്ങൾ: രഞ്ജിത്, രതീഷ്.


