നീതിക്കായി പോരാടിയ കോൺഗ്രസ് നേതാവ്
“ഞാൻ വഴിയിൽ ഇട്ടിട്ടുപോയി എന്ന് ഒരാളും പരാതി പറയില്ല. എനിക്ക് അത് മാത്രം മതി–ഒന്നും ആഗ്രഹിച്ചല്ല ഞാൻ നിൽക്കുന്നത്, ഉള്ളതൊക്കെ തന്നെ ധാരാളമാണ്,“
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ . സംഭവത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ പലവട്ടം ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും, “പൊലീസുകാരുടെ ജീവിതമാണ്, നിങ്ങൾ പറയുന്ന പൈസയ്ക്ക് കേസ് സെറ്റിൽ ചെയ്യാം” എന്നാണ് വാഗ്ദാനം ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, തനിക്ക് സംഭവത്തിന്റെ സാമ്പത്തിക ഭാഗത്തേക്കാൾ കൂടുതൽ പ്രാധാന്യം നീതിക്കാണ് ഉണ്ടായിരുന്നതെന്ന് വർഗീസ് തുറന്നുപറഞ്ഞു.
20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തതായി ആരോപണം
പരാതി പിൻവലിക്കുന്നതിന് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തതായി വർഗീസ് ആരോപിച്ചു. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിന് നേരിട്ട ആക്രമണം തന്നെ അലട്ടിയതിനാലാണ്, ആരായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാട് അദ്ദേഹം എടുത്തത്. സാമ്പത്തിക നേട്ടത്തിനായി പരാതി പിൻവലിക്കാൻ ഒരിക്കലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളക്കേസും പൊലീസിന്റെ നടപടികളും
സുജിത്തിനെ പൊലീസ് പിടിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിച്ചുവെന്നും, "കുഴപ്പമില്ല, രാവിലെ വിടും" എന്നാണ് അന്ന് പൊലീസ് പറഞ്ഞതെന്നും വർഗീസ് പറഞ്ഞു. എന്നാൽ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സുജിത്ത് കസ്റ്റഡിയിൽ മർദനമേറ്റ വിവരം അറിഞ്ഞത്. തുടർന്നാണ് സുജിത്തിനെതിരെ എടുത്തത് കള്ളക്കേസെന്ന് തെളിഞ്ഞതെന്നും, ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മർദനത്തെ തുടർന്ന് സുജിത്തിന് കേൾവിശക്തിയിൽ 30 ശതമാനം വരെ നഷ്ടം സംഭവിച്ചതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായില്ലെന്ന് വർഗീസ് ആരോപിച്ചു. ഇതോടെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കോടതി സമീപിക്കേണ്ടി വന്നു. രണ്ടര വർഷത്തിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസിൽ നിന്ന് ലഭിച്ചത്.
സിസിടിവി ദൃശ്യങ്ങൾ ലോകം കണ്ട ക്രൂരത വെളിപ്പെടുത്തി
"കേരളത്തിൽ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ ഒരാൾക്കും ലഭ്യമാക്കാറില്ല. എന്നാൽ കോടതിയിലൂടെ അത് നേടിയെടുത്തപ്പോൾ മാത്രമാണ് കൊടും ക്രൂരത ലോകം കണ്ടത്" എന്ന് വർഗീസ് ചൂണ്ടിക്കാട്ടി. സാധാരണ ലോക്കപ്പ് മർദനമാണെന്ന് കരുതിയിരുന്നെങ്കിലും ദൃശ്യങ്ങൾ കണ്ടപ്പോൾ സംഭവത്തിന്റെ തീവ്രത മനസ്സിലായതായി അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലം
2023 ഏപ്രിൽ 5-നാണ് സംഭവം നടന്നത്. ഉത്സവത്തിന്റെ ചിത്രങ്ങൾ നോക്കി നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറി. ഇത് ചോദിക്കാൻ ചെന്ന സുജിത്തിനോട് "രാഷ്ട്രീയം കയ്യിൽ വച്ചാൽ മതിയെന്ന്" പറഞ്ഞ് പൊലീസ് പിടികൂടി ജീപ്പിലിട്ട് കൊണ്ടുപോയെന്നാണ് ആരോപണം.
നീതി ലഭ്യമാക്കാൻ അവസാനവരെ പോരാടുമെന്ന് വർഗീസ്
"ഞാൻ വഴിയിൽ ഇട്ടിട്ടുപോയി എന്ന് ഒരാളും പരാതി പറയില്ല. എനിക്ക് അത് മാത്രം മതി. നീതി എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾക്കായി ഏത് അറ്റം വരെയും പോകും. ഒന്നും ആഗ്രഹിച്ചല്ല ഞാൻ നിൽക്കുന്നത്, ഉള്ളതൊക്കെ തന്നെ ധാരാളമാണ്," എന്ന് വർഗീസ് ചൊവ്വന്നൂർ വ്യക്തമാക്കി.


തന്നോടൊപ്പം നിൽക്കുന്നവരെ ചേർത്ത് നിർത്തുക എന്നുള്ളതാണ് പൊതുപ്രവർത്തകന്റെ ഏറ്റവും വലിയ രാഷ്ട്രീയം മൂല്യം. പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്നവരെ ചേർത്തുപിടിക്കുക എന്നുള്ളതാണ് പൊതുപ്രവർത്തകന്റെ കർമ്മം. അത് അദ്ദേഹം നന്നായി ചെയ്തു എന്നുള്ളതിന്റെ ചാരിതാർത്ഥ്യം ആണ് വർഗീസ് എന്ന പൊതുപ്രവർത്തകന്റെ വാക്കുകളിൽ
നീതിക്കായി പോരാടിയ കോൺഗ്രസ് നേതാവ്
