ന്യൂഡൽഹി: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനുൾപ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോൺഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുൾപ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. എന്നാൽ, ചില പേരുകളിൽ ആശയക്കുഴപ്പം വന്നതിനാൽ തത്‌കാലം ഇത് മരവിപ്പിക്കുകയായിരുന്നുവെന്നും കേരളവുമായി ബന്ധപ്പെട്ടുള്ള പേരുകളിലല്ല പ്രശ്നമെന്നും ശ്രീനിവാസ് ’മാതൃഭൂമി’യോട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂർ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽനിന്ന് അകന്നിരുന്നു.
പാർട്ടി മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഹൈക്കമാൻഡിന്റെയും നേതൃത്വത്തിന്റെയും കൂടെ നിൽക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ ഇപ്പോൾ.
കൊടകര കുഴൽപ്പണക്കേസ് കത്തിനിൽക്കുന്നതിനിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ അർജുൻ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അർജുന് ഗുജറാത്തിൽ ബിസിനസ് ഉണ്ടെന്നും അവിടത്തെ മന്ത്രിമാരുമായി ചർച്ച നടത്തിയെന്നും സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി. കാലം കരുതിവെച്ച പ്രതിഫലമാണ് ഇപ്പോൾ സുരേന്ദ്രന് ഉണ്ടായിരിക്കുന്നതെന്ന് അർജുൻ അന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. കേന്ദ്രതലത്തിലൂടെ വന്ന് രാഷ്ട്രീയഭാവി തേടുന്ന നേതാക്കളുടെ മക്കളിൽ മൂന്നാമനാണ് അർജുൻ. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഡൽഹി വഴിയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.
You must log in to post a comment.