തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും. പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ സൂസന്‍ കോടിക്കാണ് സാധ്യതയേറുന്നത്. ജില്ലാ തലത്തില്‍ തെരഞ്ഞെടുപ്പ് റിവ്യു പൂര്‍ത്തിയായ സാഹചര്യത്തില്‍ സംസ്ഥാന തല റിപ്പോര്‍ട്ടിനും അന്തിമ രൂപം നല്‍കും. ജില്ലാ റിവ്യുകളില്‍ ആലപ്പുഴയില്‍ ജി.സുധാകരനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. മറ്റ് ജില്ലകളിലെ വിഷയങ്ങളും സംസ്ഥാന നേതൃത്വം പരിശോധിക്കും
പാര്‍ട്ടിക്കുള്ളിലെ എതിര്‍ചേരിയുടെ നീക്കങ്ങളില്‍ തീര്‍ത്തും പ്രതിരോധത്തിലാണ് മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. തനിക്ക് പകരക്കാരനായി അമ്ബലപ്പുഴയില്‍ ജയിച്ചു കയറിയ എച്ച്‌.
സലാം ഉള്‍പ്പെടെ അതിരൂക്ഷമായാണ് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ പോരായ്മകളില്‍ തുടങ്ങി, പൊളിറ്റിക്കല്‍ കൊറോണ എന്ന പരാമര്‍ശം പോലും സുധാകരനെതിരെ നേതാക്കള്‍ നടത്തി. സംഘടിതമായ ആക്രമണത്തില്‍ ജി. സുധാകരനും അനുകൂലികളും ഏറെ പ്രതിരോധത്തിലാണ്. വിമര്‍ശനങ്ങള്‍ കേട്ട സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍, എല്ലാം പാര്‍ട്ടി പരിശോധിക്കുമെന്ന ഉറപ്പുനല്‍കിയാണ് ആലപ്പുഴയില്‍ നിന്ന് മടങ്ങിയത്. സംസ്ഥാന നേതൃത്വം എന്ത് തീരുമാമെടുക്കും എന്നതാണ് പ്രധാനം.
അരുവിക്കരയില്‍ എല്‍‍ഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചു എന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധുവിനെതിരെയാണ് പരാതി ഉയര്‍ന്നത്. ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി.സ്റ്റീഫന്‍ സ്ഥാനാര്‍ത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിട്ടുനിന്നെന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് പരിശോധിക്കാന്‍ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Leave a Reply