𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

വാക്‌സിന്‍ എടുത്തവരില്‍ 80 ശതമാനത്തെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം; മരണം 0.4 %-ഐ.സി.എം.ആര്‍. പഠനം

ന്യൂഡൽഹി:-രാജ്യത്ത് ഒരു ഡോസ് വാക്സിൻ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളിൽ കൂടുതൽ പേർക്കും കോവിഡ് ഡെൽറ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് ഐ.സി.എം.ആർ. പഠനം. വാക്സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച് നടത്തുന്ന ആദ്യ പഠനമാണ് ഐ.സി.എം.ആറിന്റേത്. ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചവരിൽ ഭൂരിഭാഗത്തിനും കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം പറയുന്നു.

അതേസമയം, വാക്സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് വളരെക്കുറവാണെന്നം പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 677 പേരെയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 677 പേരിൽ, 71 പേർ കൊവാക്സിനും ബാക്കിയുള്ള 604 പേർ കോവിഷീൽഡ് കുത്തിവെപ്പുമാണ് എടുത്തിരുന്നത്. രണ്ടുപേർ ചൈനയുടെ സീനോഫാം വാക്സിനും സ്വീകരിച്ചിരുന്നു. വാക്സിൻ സ്വീകരിച്ച മൂന്ന് പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

ഐ.സി.എം.ആർ. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ

വാക്സിൻ സ്വീകരിച്ചതിനു ശേഷം ഡെൽറ്റ വകഭേദം ബാധിച്ചത് 86.09% പേർക്ക് കോവിഡ് പോസിറ്റീവ് ആയതിൽ 9.8% പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുള്ളൂ. 0.4 ശതമാനം മാത്രമാണ് മരണനിരക്ക്.ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനെയും മരണനിരക്കിനെയും കുറയ്ക്കാൻ വാക്സിനേഷൻ സഹായിക്കുന്നു.
ഇന്ത്യയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കുകിഴക്ക്, മധ്യഭാഗം എന്നിവിടങ്ങളിൽനിന്നുള്ള 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള 677 പേരെയാണ് പഠനവിധേയമാക്കിയത്.

മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, മണിപ്പുർ, അസം, ജമ്മു കശ്മീർ, ചണ്ഡീഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, പുതുച്ചേരി, ന്യൂഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.
71% അല്ലെങ്കിൽ 482 കേസുകളിൽ ഒന്നോ അതിൽ അധികമോ ലക്ഷണങ്ങളുണ്ടായിരുന്നു. അതേസമയം 29 ശതമാനം പേരിൽ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
പനി(69%)യാണ് കൂടുതൽ പേരിലും പ്രത്യക്ഷപ്പെട്ട ലക്ഷണം. ശരീരവേദന, തലവേദന, ഛർദി(56%), ചുമ(45%), തൊണ്ടവേദന(37%), മണവും രുചിയും നഷ്ടമാകൽ(22%), വയറിളക്കം(6%), ശ്വാസംമുട്ടൽ(6%), കണ്ണിന് അസ്വസ്ഥതയും മറ്റും അനുഭവപ്പെട്ടത്(1%).
ഡെൽറ്റ, കാപ്പ വകഭേദങ്ങളാണ് വാക്സിൻ സ്വീകരിച്ചതിനു ശേഷം പോസിറ്റീവ് ആയവരെ പ്രധാനമായും ബാധിച്ചത്.

71(10.5%) പേർ കൊവാക്സിനാണ് സ്വീകരിച്ചിരുന്നത്. 604(89.2%) പേർ കോവിഷീൽഡും രണ്ടുപേർ(0.3%) സീനോഫാം വാക്സിനുമാണ് സ്വീകരിച്ചിരുന്നത്.മൂന്നുപേർ(0.4%) മരിച്ചു. 67 പേരെ അഥവാ 9.9% പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്.