തിരുവനന്തപുരം: വിദേശത്തേക്ക് തിരിച്ചുപോകേണ്ടവർക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ്, മുൻഗണന പ്രകാരമുള്ള രണ്ടാം ഡോസ് എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് വിശദീകരണവുമായി ആരോഗ്യവകുപ്പ്. വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങളാണ് ആരോഗ്യ വകുപ്പ് ദൂരികരിക്കുന്നത്. 18 വയസിന് മുകളിലുള്ള, കോവിഷീൽഡ്/കോവാക്സിൻ രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രയ്ക്കായി വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തുകയും ചെയ്യേണ്ടവരാണ് സംസ്ഥാന സർക്കാർ നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അർഹരായവർ. കൂടാതെ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുകയും എന്നാൽ വിദേശ രാജ്യങ്ങളുടെ വാക്സിൻ നയപ്രകാരം വിദേശ യാത്രയ്ക്കായി വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്നതിന് പകരം അസ്ട്രാസിനക്ക എന്ന് രേഖപ്പെടുത്തേണ്ടത് അനിവാര്യമായവർക്കും നിലവിലെ വാക്സിനേഷൻ സ്ഥിതി അനുസരിച്ച് അന്തിമ/പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. സംസ്ഥാന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്ത് ചെയ്യണം? രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് താത്കാലികമായി ഒരു സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതായിരിക്കും. തുടർന്ന് https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന് ടാബ് ക്ലിക്ക് ചെയ്യുക. വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റും മറ്റ് വ്യക്തിഗതവിവരങ്ങളും നൽകുക. സമർപ്പിക്കപ്പെട്ട അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് അർഹതയുള്ളവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്.എം.എസ്. ലഭിക്കുന്നതാണ്. അംഗീകരിക്കപ്പെട്ട അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. അപേക്ഷ നിരസിക്കപ്പെടുകയാണെങ്കിൽ അപേക്ഷ നിരസിക്കുവാനുള്ള കാരണം കാണിക്കുന്ന എസ്.എം.എസ്. ലഭിക്കുന്നതാണ്. ആവശ്യമായ തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷിക്കാം. രണ്ടാമത്തെ ഡോസ് വാക്സിൻ നേരത്തെ ലഭിക്കാൻ എന്ത് ചെയ്യണം? മുൻഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന വൈബ് സൈറ്റിൽ അപേക്ഷിക്കുക. ഇതിനുള്ള സംവിധാനം ഉടൻ തന്നെ വെബ് സൈറ്റിൽ ലഭ്യമാകുന്നതാണ്. അപേക്ഷിക്കുന്ന സമയത്ത് യാത്രാ വിവരത്തിന്റെ രേഖകൾ അപ്ലോഡ് ചെയ്യണം. രണ്ടാം ഡോസ് വാക്സിൻ നേരത്തെ എടുത്തിട്ടുള്ളവർക്ക് സംസ്ഥാനം നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കാനായി https://covid19.kerala.gov.in/vaccine/ൽ ഇതിനായി പ്രത്യേകം അപേക്ഷിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് മെഡിക്കൽ ഓഫീസർ നൽകിയിട്ടുള്ള പ്രൊവിഷണൽ സർട്ടിഫിക്കറ്റ് കൂടി അപ് ലോഡ് ചെയ്യണം. വിദേശത്ത് വച്ച് ആസ്ട്രസിനക്ക വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് സംസ്ഥാനത്ത് നിന്നും രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കാം.അവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തി രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് ആദ്യ ഡോസിന്റെ വിവരങ്ങൾ കോവിൻ സൈറ്റിൽ നൽകുന്നതാണ്. രണ്ടാം ഡോസ് നൽകിയ വിവരം രേഖപ്പെടുത്തിയതിന് ശേഷം അവർക്ക് കോവിൻ സൈറ്റിൽ നിന്ന് അന്തിമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്…

Leave a Reply