വാഷിങ്ടൺ: ഒമിക്രോൺ വകഭേദത്തിന്റെ തീവ്രവ്യാപനത്തിൽ ഞെട്ടി അമേരിക്ക. രാജ്യത്ത് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് പത്ത് ലക്ഷം പുതിയ കോവിഡ് കേസുകളാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്ക് അനുസരിച്ച് 10,80,211 പേർക്കാണ് കോവിഡ് ബാധിച്ചത്.

രാജ്യത്ത് രോഗികളുടെ എണ്ണം വരുംആഴ്ചകളിൽ ഉച്ചസ്ഥായിയിലാകുമെന്ന വൈറ്റ്ഹൗസിലെ പകർച്ച വ്യാധി ഉപദേഷ്ടാവ് അന്തോണി ഫൗച്ചി പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് കേസുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് എന്നത് ശ്രദ്ധേയമാണ്. ഡിസംബർ അവസാന ആഴ്ചയിൽ തന്നെ മൊത്തം കേസുകളിലെ 59 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു.ഒമിക്രോൺ ആദ്യമായി കണ്ടെത്തിയ സൗത്താഫ്രിക്കയിൽ വ്യാപനം ഏറ്റവും ഉയർന്ന നിലയിൽ നിന്ന് വളരെ പെട്ടെന്ന് താഴ്ന്നത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നും ഫൗച്ചി പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്ത് 9,382 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.


Leave a Reply