Skip to content

ന്യൂനപക്ഷ സ്കോളർഷിപ്: യുഡിഎഫില്‍ ധാരണാപിശകില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയത്തിൽ യുഡിഎഫിൽ ധാരണാ പിശകില്ലെന്നും എല്ലാവർക്കും തൃപ്തികരമായ തീരുമാനം ഉടനുണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് ഇക്കാര്യത്തിൽ ചർച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കും. മുസ്‍ലിം ലീഗിന്റെ എതിർപ്പുൾപ്പെടെയുള്ള കാര്യങ്ങൾ യുഡിഎഫ് യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ യുഡിഎഫിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പാർട്ടിയിലെയും ഘടക കക്ഷികളുടെയും മുതിർന്ന നേതാക്കളുമായി ഇന്ന് വിശദമായ ആശയവിനിമയം നടത്തും. യുഡിഎഫിലെ ഐക്യമില്ലായ്മ മുഖ്യമന്ത്രി മുതലെടുത്ത പശ്ചാത്തലത്തിൽ മുന്നണി നിലപാട് ഇനി വൈകരുതെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ് ജനസംഖ്യാനുപാതികമായി പുനര്‍നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് യുഡിഎഫില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മന്ത്രിസഭാ തീരുമാനം വന്നതോടെ സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ അട്ടിമറിച്ചെന്ന പരാതി ലീഗ് ശക്തമായി ഉയര്‍ത്തി. ലീഗിന്റെ അതേ തോതിലുള്ള വിമര്‍ശനത്തിന് കോണ്‍ഗ്രസോ പ്രതിപക്ഷത്തെ മറ്റു കക്ഷികളോ തയാറായില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

നിലവിലെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നു സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് വച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എടുത്തു കാട്ടിയതോടെയാണ് മുന്നണിയില്‍ അപസ്വരം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ആ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സതീശന്‍ പറഞ്ഞതോടെ മന്ത്രിസഭാ തീരുമാനത്തെ ആകെ സതീശന്‍ സ്വാഗതം ചെയ്‌തെന്ന വ്യാഖ്യാനമായി. ഇതോടെ പ്രതിപക്ഷനേതാവിനെ തള്ളി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും മുതിര്‍ന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും രംഗത്തെത്തുകയും ചെയ്തു.

ലീഗ് നിലപാട് കടുപ്പിച്ചതിനു പിന്നാലെ വിശദീകരണവുമായി വി.ഡി. സതീശന്‍ രംഗത്തെത്തി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം സമുദായത്തിന് സ്‌കോളര്‍ഷിപ് നല്‍കാനുള്ള പ്രത്യേക പദ്ധതി നിലനിര്‍ത്തണമെന്ന യുഡിഎഫ് ആവശ്യം അംഗീകരിച്ചില്ലെന്നും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇതോടെ ലീഗിന്റെ പ്രതിഷേധം പി.കെ. കുഞ്ഞാലിക്കുട്ടി തണുപ്പിച്ചു. പരസ്പരം സംസാരിച്ചശേഷമാണ് നേരത്തേ പ്രസ്താവനകള്‍ നടത്തിയതെന്നും രണ്ടു നേതാക്കളും വ്യക്തമാക്കി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം വിഭാഗത്തിന് പ്രത്യേക പദ്ധതി എന്ന ലീഗിന്റെ ആവശ്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യാനും നേതാക്കള്‍ ധാരണയായിട്ടുണ്ട്.

സ്‌കോളര്‍ഷിപ് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ ഫലമായി മുസ്‌ലിം സമുദായത്തിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെങ്കില്‍ അതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി കേന്ദ്രം നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി തള്ളിക്കളഞ്ഞുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പറഞ്ഞു. മുസ്ലിം വിഭാഗത്തിന് 100% കിട്ടേണ്ടിയിരുന്ന സ്‌കോളര്‍ഷിപ്പില്‍ ശതമാനക്കണക്ക് നിശ്ചയിച്ച് ആനുകൂല്യം വെട്ടിക്കുറച്ചു. ഭാവിയില്‍ വീണ്ടും കുറഞ്ഞേക്കാം. സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയുമുണ്ടാക്കുന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. സ്‌കോളര്‍ഷിപ് സംബന്ധിച്ച പുതിയ തീരുമാനം ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന ആവശ്യം യുഡിഎഫിലും നിയമസഭയിലും ഉന്നയിക്കുമെന്നും ഇവര്‍ പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് ഉയര്‍ത്തുന്ന എതിര്‍പ്പ് ആ സമുദായത്തിലും പ്രതിഫലിക്കുമോ എന്ന ആശങ്ക എല്‍ഡിഎഫില്‍ ശക്തമാണ്. ഇതുകൊണ്ടു തന്നെയാണ് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യ അടിസ്ഥാനമാക്കി ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തില്‍ സ്‌കോളര്‍ഷിപ് അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് ഏതെങ്കിലും സമുദായത്തിലെ 1000 പേര്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുന്നത് എങ്കില്‍ തുടരും, മറ്റൊരു സമുദായത്തിന് ജനസംഖ്യാനുപാതികമായി 100ല്‍ നിന്ന് 200 ആക്കണം എങ്കില്‍ ഉയര്‍ത്തും. ഇതെല്ലാം മറ്റു സമുദായങ്ങളെ ബാധിക്കാത്ത വിധത്തിലാകുമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading