ന്യൂസ് ഡസ്ക് :-പ്രത്യേക സംരക്ഷിത വിഭാഗത്തില്‍ പെടുന്ന വന ജീവിയായ ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടിയതിന് തുടര്‍ന്ന് അന്വേഷിച്ച് ചെന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ പ്രതിയെ കണ്ടു അമ്പരന്ന് ഉദ്യോഗസ്ഥര്‍. പ്രതി ഒറ്റ മുറി വീട്ടില്‍ ദയനീയമായ അവസ്ഥയില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബമാണ്.
കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വനം വകുപ്പിലെ ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയത്.
കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ട് തളര്‍ന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉള്‍പ്പെടെ ഒറ്റ മുറി മാത്രമുള്ള വീട്ടില്‍ കഴിയുന്ന കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചത്.
ഉടുമ്പിനെ തനിയെ പിടികൂടാന്‍ ശേഷിയില്ലാത്ത കുടുംബം പറഞ്ഞത് വാസ്തവമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ റിപ്പോര്‍ട്ട് ആയി നല്‍കി കേസെടുക്കാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടമ്മയെ പ്രതിയാക്കി കേസെടുത്തു. കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ച് റിപ്പോര്‍ട്ട് നല്‍കി ഉദ്യോഗസ്ഥര്‍. പട്ടിണി നിറഞ്ഞ ജീവിത സാഹചര്യമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.