തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് യു ഡി എഫ് തീരുമാനം. പ്രതിപക്ഷ നിരയില്‍ നിന്ന് എം എല്‍ എമാരോ എം പിമാരോ മറ്റ് നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോാള്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നാണ് യു ഡി എഫ് അഭിപ്രായം.

സത്യപ്രതിജ്ഞയില്‍ നേരിട്ട് പങ്കെടുക്കുന്നതിന് പകരം വീട്ടിലിരുന്ന് ടി.വിയിലൂടെ ചടങ്ങുകള്‍ കാണാനാണ് യു ഡി എഫ് നേതാക്കളുടെ തീരുമാനം. ലളിതമായി രാജ്ഭവനില്‍ വച്ച് നടത്തേണ്ട ചടങ്ങാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത് വഴി പൊതുസമൂഹത്തിന് മുന്നില്‍ വലിയ സന്ദേശമാകും മുന്നണി നല്‍കുകയെന്നും നേതാക്കള്‍ പറയുന്നു.

140 എം എല്‍ എമാരെയും 20 എം പിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍ ഡി എഫ് തീരുമാനം. ട്രിപ്പിള്‍ ലോക്ക്ഡൗണും കൊവിഡ് മാര്‍ഗനിര്‍ദേശവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്പോള്‍, ഇതൊന്നും ബാധകമല്ലാത്ത മട്ടില്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം സമൂഹ മാദ്ധ്യമങ്ങളിലടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ 500 പേര്‍ അധികമല്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തന്നെ ഇന്നലെ തള്ളിക്കളയുകയായിരുന്നു.

Leave a Reply