ടിപ്പർ ലോറി ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു, കാരിയർ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി അപകടം;

കൽപ്പറ്റ: ടിപ്പർ ലോറി ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ടിപ്പറിന്റെ ക്യാരിയര്‍ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍  ജബ്ബാര്‍ (41) ആണ് മരിച്ചത്.

വയനാട് തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ വെച്ച് ടിപ്പറിന്റെ ക്യാരിയര്‍ ഉയർത്തുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കാരിയർ ഉയർത്തിയപ്പോൾ വൈദ്യുതി ലൈൻ ഉള്ളത് ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അപകടം ഉണ്ടായ ഉടൻ തന്നെ ഡ്രൈവർ മരണപ്പെട്ടു.

സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ടിപ്പറിന്‍റെ കാരിയർ വൈദ്യുതി ലൈനിൽ തട്ടി നിന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല. പിന്നീട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കെ എസ് ഇ ബി അികൃതരെ വിവരം അറിയിക്കുകയും ലൈൻ ഓഫ് ചെയ്ത ശേഷം ജബ്ബാറിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജബ്ബാറിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റും. ഇതനുശേഷം മൃതദേഹം ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും. വിവരം അറിഞ്ഞ് ജബ്ബാറിന്‍റെ മാവൂരിലുള്ള ബന്ധുക്കൾ വയനാട്ടിൽ എത്തിയിട്ടുണ്ട്..