ന്യൂഡൽഹി:- ഉത്തർപ്രദേശിലെ ബുൾഡോസർ രാജിന് എതിരെ കർശനനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്‌ജിമാരും അഭിഭാഷകരും സുപ്രീംകോടതിക്ക് കത്ത് നൽകി. പ്രവാചകനിന്ദയ്‌ക്ക് എതിരെ സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തിയവരെ അന്യായമായി കസ്‌റ്റഡിയിൽ എടുക്കുകയും അവരുടെ വീടുകൾ ഇടിച്ചുപൊളിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ്‌ജസ്‌റ്റിസ് എൻ വി രമണയ്‌ക്ക് അയച്ച കത്ത്‌ഹർജിയിൽ പറയുന്നു.[the_ad_placement id=”content”]
ഇതുവരെ 300ഓളം പേരെ അറസ്‌റ്റ് ചെയ്‌തു. അനവധി പേർക്ക് എതിരെ കേസെടുത്തു. അറസ്‌റ്റിലായവർക്ക് അവരുടെ വാദങ്ങൾ അവതരിപ്പിക്കാനുള്ള അവസരം പോലും നൽകാതെ യുപി സർക്കാർ വീടുകൾ ഇടിച്ചുനിരത്തൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നു. ഇത്തരം നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥർ തന്നെ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യമുണ്ടായാൽ നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം തന്നെ ജനങ്ങൾക്ക് നഷ്ടമാകുമെന്നും സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ജഡ്‌ജിമാരും അഭിഭാഷകരും ചൂണ്ടിക്കാണിച്ചു.[the_ad_placement id=”adsense-in-feed”]
സുപ്രീംകോടതി മുൻ ജഡ്‌ജിമാരായ ബി സുദർശൻറെഡ്ഡി, ഗോപാലഗൗഡ, എ കെ ഗാംഗുലി, ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി എ പി ഷാ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി കെ ചന്ദ്രു, കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി മുഹമദ്‌അൻവർ, മുതിർന്ന അഭിഭാഷകരായ ശാന്തിഭൂഷൺ, ഇന്ദിരാജയ്‌സിങ്ങ്, സി യു സിങ്ങ്, ശ്രീറാംപഞ്ചു, ആനന്ദ്‌ഗ്രോവർ, അഡ്വ. പ്രശാന്ത്‌ഭൂഷൺ എന്നിവർ കത്ത്‌ഹർജിയിൽ ഒപ്പിട്ടിട്ടുണ്ട്.
You must log in to post a comment.