വെബ് ഡസ്ക് :-മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറുടെ പണി ചെയ്താൽ മതിയെന്നും മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്. മത വിശ്വാസമില്ലാത്ത മതാചാരങ്ങൾ പാലിക്കാത്ത വ്യക്തി മത നിയമങ്ങളിൽ അഭിപ്രായം പറയുകയോ ഖുർആൻ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല.ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതി -മജീദ് പറഞ്ഞു.

സംഘ്പരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത ഇതിനുമുമ്പും കേരള ഗവർണറിൽനിന്ന് ഉണ്ടായിട്ടുണ്ട്. കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളാണ് കർണാകട സർക്കാരിൽനിന്ന് ഉണ്ടായിട്ടുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ടുകൊണ്ടിരിക്കുകയാണ് -കെ.പി.എ മജീദ് പറഞ്ഞു.കേരളത്തിൽ നിലവിൽ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ മതേതര കേരളത്തെയും വർഗീയമായി തരംതിരിക്കാനാണ് കേരള ഗവർണർ ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ ഒരു ഗവർണറും രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെട്ടിട്ടില്ല. എന്നാൽ നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ് മുഹമ്മദ്‌ ഖാൻ പതിവാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഘ്പരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പില്ലെന്ന് അദ്ദേഹം ഓർക്കുന്നത് നല്ലതാണ്. ഇസ്ലാമിക ശരീഅത്തിനെതിരായ കാമ്പയിനിൽ ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഹിജാബ് വിഷയം മുതലെടുത്ത് ഈ ചരിത്രം ആവർത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടനാ പദവിയിൽ ഇരുന്ന് കൊണ്ട് മതത്തെയും മതനിയമങ്ങളെയും വിമർശിക്കുന്ന നിലപാട് ഗവർണർ അവസാനിപ്പിക്കണം.


എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും കെ.പി.എ മജീദ് പറഞ്ഞു

Leave a Reply