വെബ് ഡസ്ക് :-ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 സീസണിന്റെ ആദ്യപാദ സെമിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം. ലീഗ് വിന്നേഴ്‌സ് കിരീടം സ്വന്തമാക്കിയ ജെംഷഡ്പൂര്‍ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് മഞ്ഞപ്പട ഫൈനലിനോട് അടുത്തത്.

മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഏക ഗോളാണ് ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. 38ാം മിനിറ്റിലാണ് സഹല്‍ വിജയഗോള്‍ നേടിയത്.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി നേടിയ ഗോളോടെ സഹല്‍ അബ്ദുല്‍ സമദ് മഞ്ഞ ജേഴ്സിയില്‍ ഒരു പുതിയ റെക്കോര്‍ഡ് കുറിച്ചു.

ഒരൊറ്റ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി സഹല്‍ അബ്ദുല്‍ സമദ് മാറി. സഹലിന്റെ ഈ സീസണിലെ ആറാം ഗോളായിരുന്നു ഇത്. സി കെ വിനീതിന്റെ റെക്കോര്‍ഡ് ആണ് ഇന്നത്തെ ഗോളോടെ സഹല്‍ മറികടന്നത്. സി കെ വിനീത് ഒരു സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി അഞ്ചു ഗോളുകള്‍ നേടിയിരുന്നു.

2016ല്‍ വിനീത് നേടിയ ആ റെക്കോര്‍ഡ് ആണ് സഹല്‍ ഇന്നത്തെ ഗോളോടെ മറികടന്നത്. സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിനായി ആകെ 11 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇനി ആ റെക്കോര്‍ഡ് മറികടക്കുക ആകും സഹലിന്റെ വരും സീസണിലെ ലക്ഷ്യങ്ങള്‍. സഹല്‍ ആകെ 7 ഗോളുകള്‍ കേരള ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്.

Leave a Reply