വെബ് ഡസ്ക് :-മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട്ട് നടക്കും. സിപിഎമ്മുമായി ഒരു തരത്തിലുള്ള യോജിപ്പും ലീഗ് അണികള്‍ ഉള്‍ക്കൊള്ളില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. സിപിഎം ബന്ധമെന്ന ചര്‍ച്ചയില്‍ത്തട്ടി അതു പാഴായിപ്പോകരുതെന്ന ജാഗ്രതയില്‍, മുന്നണിമാറ്റമെന്ന ചര്‍ച്ചയ്ക്ക് പൂര്‍ണ വിരാമമിടുന്ന ശക്തമായ നിലപാട് ഇന്നത്തെ യോഗത്തിന് ശേഷം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പാര്‍ട്ടി ഇടതു മുന്നണിയോട് അടുക്കുന്നുവെന്ന പ്രചാരണം സിപിഎം ഒരുക്കുന്ന കെണിയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
യു.ഡി.എഫില്‍ അവിശ്വാസത്തിന്റെ വിത്ത് വിതയ്ക്കുകയാണ് ലക്ഷ്യം. എന്നാല്‍, ആദ്യഘട്ടത്തില്‍ പ്രചാരണത്തിന് ശക്തമായ മറുപടി നല്‍കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം ലീഗിനകത്തുണ്ട്. ഇന്നത്തെ യോഗത്തിലും ഇത് ഉയര്‍ന്നുവന്നേക്കാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫില്‍ കേന്ദ്രീകരിച്ചത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയേല്‍ക്കാന്‍ കാരണമായിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാന സാഹചര്യം ആവര്‍ത്തിക്കുന്നത് തടയാനുള്ള സിപിഎം തന്ത്രം പുതിയ ചര്‍ച്ചയില്‍ ലീഗ് കാണുന്നുണ്ട്.
